കൊച്ചി: ശാരീരിക വൈകല്യമുള്ളവർക്ക് സംവരണം നൽകാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ കോളജുകളിൽ അസി. പ്രഫസർ നിയമനം നടത്തുന്നത് തടഞ്ഞ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിെവച്ചു. സംവരണ തത്ത്വങ്ങൾ പാലിച്ച് നികത്തേണ്ട മുൻകാല ഒഴിവുകളുടെ വിവരങ്ങൾ ബോർഡ് സിംഗിൾബെഞ്ചിന് നൽകാനും ഇതനുസരിച്ച് സിംഗിൾബെഞ്ച് ഹരജി പരിഗണിച്ചു തീർപ്പാക്കാനുമാണ് ഡിവിഷൻബെഞ്ച് നിർദേശിച്ചത്. നിയമന നടപടികൾ സ്റ്റേ ചെയ്തതിനെതിരെ ദേവസ്വം ബോർഡ് നൽകിയ അപ്പീൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് തള്ളിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ കോളജുകളിലെ അസി. പ്രഫസർ നിയമനത്തിൽ ശാരീരിക വൈകല്യമുള്ളവർക്ക് സംവരണം നൽകുന്നില്ലെന്നാരോപിച്ച് കൊട്ടാരക്കര സ്വദേശിയും ഉദ്യോഗാർഥിയുമായ ആർ. കിഷോർ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ച് നിയമനങ്ങൾ സ്റ്റേ ചെയ്തത്. 70 ശതമാനത്തോളം കാഴ്ച വൈകല്യമുള്ള ഹരജിക്കാരൻ അംഗപരിമിതരുടെ അവകാശ സംരക്ഷണ നിയമപ്രകാരമുള്ള സംവരണം നിഷേധിച്ചതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്.
ഹരജിയിൽ അംഗപരിമിതരുടെ അവകാശ സംരക്ഷണ നിയമവും സ്വകാര്യ എയ്ഡഡ് കോളജുകളിൽ ഇവർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവും പാലിച്ച് നിയമനം നടത്താൻ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. പിന്നീട് ഇതു പാലിക്കുന്നില്ലെന്ന് കണ്ട സിംഗിൾ ബെഞ്ച് നിയമന നടപടികൾ സ്റ്റേ ചെയ്തു. ബോർഡ് നടത്തിയ നിയമനങ്ങൾ ഹരജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്നും വ്യക്തമാക്കി.
ആഗസ്റ്റ് 12 ലെ ഇൗ ഉത്തരവിനെതിരെയാണ് ബോർഡ് അപ്പീൽ നൽകിയത്. ഭാവിയിലെ നിയമനങ്ങളിൽ അംഗപരിമിതരുടെ അവകാശ സംരക്ഷണ നിയമവും ഇതു സംബന്ധിച്ച സർക്കാർ ഉത്തരവും പാലിക്കുമെന്ന് ബോർഡ് വാദിച്ചു. എന്നാൽ, നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ചിെൻറ നടപടി ശരിയാണെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.