സർക്കാർ കോളജ്​ പ്രിൻസിപ്പൽ നിയമനം: യു.ജി.സി നിശ്ചയിച്ച യോഗ്യത നിർബന്ധമാക്കി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ നിയമനത്തിനുള്ള യോഗ്യത 2018ലെ യു.ജി.സി റെഗുലേഷനനുസൃതമാക്കി മുൻകാല പ്രാബല്യത്തോടെ ഉത്തരവ്. ഭരണാനുകൂല സംഘടന നേതാക്കൾക്ക് പ്രിൻസിപ്പൽ പദവി ഉറപ്പാക്കാൻ വർഷങ്ങളായി യു.ജി.സിയുടെ പുതുക്കിയ യോഗ്യത നടപ്പാക്കാൻ സർക്കാർ തയാറായിരുന്നില്ല. സീനിയോറിറ്റിക്കനുസൃതമായി പ്രിൻസിപ്പൽ നിയമനം നടത്താൻ സർക്കാർ പലതവണ ശ്രമം നടത്തുകയും കോടതിയിൽനിന്ന് തിരിച്ചടിയേൽക്കുകയും ചെയ്തതോടെയാണ് ഒടുവിൽ യു.ജി.സി നിശ്ചയിച്ച യോഗ്യത പ്രാബല്യത്തിൽ വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

ഉത്തരവിന് 2018 ജൂലൈ 18 മുതൽ മുൻകാല പ്രാബല്യമുണ്ടാകും. അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യതയാണ് പ്രിൻസിപ്പൽ തസ്തികയിലേക്കും നിശ്ചയിച്ചത്. വിഷയ -അനുബന്ധ മേഖലയിൽ പിഎച്ച്.ഡി നിർബന്ധമാണ്. സർക്കാർ കോളജിൽ 15 വർഷത്തിൽ കുറയാത്ത അധ്യാപന/ ഗവേഷണ പരിചയം ഉണ്ടായിരിക്കണം. യു.ജി.സി കെയർ ലിസ്റ്റിൽ ഉൾപ്പെട്ട ജേണലുകളിൽ 10ൽ കുറയാത്ത പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരിക്കണം. 110ൽ കുറയാത്ത റിസർച് സ്കോറും വേണം.

പ്രഫസർ/ അസോസിയേറ്റ് പ്രഫസർ തസ്തികയിൽനിന്നായിരിക്കും പ്രിൻസിപ്പൽ നിയമനം. 10 ഗവേഷണ പ്രബന്ധങ്ങളും 110 റിസർച് സ്കോറുമാണ് യു.ജി.സി 2018ലെ റെഗുലേഷനിലൂടെ പുതുതായി കൊണ്ടുവന്നത്. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തേ സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽ നിയമനം. യു.ജി.സി റെഗുലേഷൻ നിലവിൽ വന്ന ശേഷവും പഴയ രീതിയിൽ പ്രിൻസിപ്പൽ നിയമനം നടത്താൻ ഭരണാനുകൂല സംഘടന സമ്മർദം ചെലുത്തിയതോടെ വർഷങ്ങളായി പ്രിൻസിപ്പൽ തസ്തികയിലെ സ്ഥിരംനിയമനം തടസ്സപ്പെട്ടിരുന്നു.

സംസ്ഥാനത്തെ 60ൽ പരം കോളജുകളിൽ പ്രിൻസിപ്പൽ പദവി ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ യോഗ്യതക്കനുസൃതമായി പ്രിൻസിപ്പൽ നിയമനത്തിന് നേരത്തേ അപേക്ഷ ക്ഷണിക്കുകയും സെലക്ഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ഉത്തരവോടെ കേരള കൊളീയറ്റ് എജുക്കേഷൻ സർവിസ് സ്പെഷൽ റൂൾസിൽ (1994) ഭേദഗതി വരുത്തിയുള്ള വിജ്ഞാപനം പ്രത്യേകം പുറപ്പെടുവിക്കാനും നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Appointment of Government College Principal: Order making the qualification prescribed by the UGC compulsory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.