കേന്ദ്ര സർക്കാറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു; ചരിത്രപരമായ നിയമ പോരാട്ടം -മുഖ്യമന്ത്രി

കോട്ടയം: വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി എടുക്കുന്ന വായ്പ നിയന്ത്രിക്കാനെന്ന പേരിൽ കേന്ദ്രം കൈക്കൊള്ളുന്ന ഭരണഘടനാവിരുദ്ധമായ നടപടികൾ സംസ്ഥാനത്തെ ഗുരുതരമായ വൈഷമ്യത്തിൽ എത്തിച്ചിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ വിവേചനപരമായ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെന്നും ഈ നിയമ പോരാട്ടം രാജ്യത്തിന്റെ ഫെഡറൽ സംവിധാനം നിലനിർത്താനുള്ള ചരിത്രപരമായ ഒന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയം കുറവിലങ്ങാട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവേചനപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തി. എന്നാൽ സംസ്ഥാനത്തിന്റെ അതിജീവനം അസാധ്യമാക്കുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ് കേന്ദ്രം ചെയ്തത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലുള്ള ഹീനമായ കൈകടത്തൽ കേന്ദ്രം അവസാനിപ്പിക്കുകയോ കോടതി ഇടപെടൽ ഉണ്ടാവുകയോ ചെയ്തില്ലെങ്കിൽ സാമ്പത്തിക ദുരന്തമാകും ഫലം.

ഭരണഘടനയിലൂടെ വിഭാവനം ചെയ്യപ്പെട്ട സാമ്പത്തിക ഫെഡറലിസത്തെ ആസൂത്രിത നീക്കങ്ങളിലൂടെ പടിപടിയായി തകർക്കുകയാണ് കേന്ദ്ര സർക്കാർ. ഇത് വിപത്കരമായ കളിയാണ്. കിഫ്ബിയും കെ.എസ്.എസ്.പി.എല്ലും അടക്കം സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളെ തടയുന്നതിൽ വിവേചനപരമായ നീക്കമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ നഗ്നമായ ലംഘനമാണിത്. കേന്ദ്രം വായ്പാ പരിധി കുറച്ചതിനെ തുടർന്ന് വർഷങ്ങളായി കൊടുത്തുതീർക്കാനുള്ള കുടിശ്ശിക തുക കൂടി കൂടി വരികയുമാണ്. കിഫ്ബി വഴി സംസ്ഥാന സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന 82,000 കോടി രൂപയുടെ ആയിരത്തിലേറെ പദ്ധതികൾ വിവിധ ഘട്ടങ്ങളിലാണ്. ഈ വികസന പദ്ധതികളെയെല്ലാം പെരുവഴിയിലാക്കാനാണ് കേന്ദ്ര ഇടപെടലുകൾ ഇടയാക്കുക.

വസ്തുതകൾ ഇതായിരിക്കെയാണ് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശുപാർശ ചെയ്യണമെന്ന ആവശ്യത്തിന്മേൽ ഗവർണർ സംസ്ഥാനത്തോട് വിശദീകരണം തേടിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ കടന്നുകയറി, കടമെടുപ്പ് പരിധികളെല്ലാം വെട്ടിക്കുറച്ച് വികസന, ക്ഷേമ പ്രവർത്തനങ്ങളെ താളം തെറ്റിക്കാനുള്ള ശ്രമങ്ങളിൽ നിരന്തരം ഏർപ്പെടുന്ന കേന്ദ്രത്തോടാണ് യഥാർത്ഥത്തിൽ ഗവർണർ വിശദീകരണം തേടേണ്ടത്.

ഇക്കാര്യത്തിൽ അതിശക്തമായ നിയമപോരാട്ടത്തിന് തന്നെയാണ് കേരള സർക്കാർ തുടക്കം കുറിക്കുന്നത്. ഇതിൽ ഒരുമിച്ച് നിൽക്കാൻ പ്രതിപക്ഷം തയാറാകണം. കേരള സമൂഹത്തോട് ആകെയും ഒരുമിച്ച് നിൽക്കാൻ അഭ്യർത്ഥിക്കുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - approached the Supreme Court against the central government -Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.