അടിമാലി (ഇടുക്കി): സ്ഥിരം അക്രമകാരിയായ അരിക്കൊമ്പനെന്ന കാട്ടാന വീട് തകർത്തു. തോണ്ടിമല ചൂണ്ടൽ വളവുകാട് ചുരുളിനാഥന്റെ വീടിന്റെ ഒരുഭാഗമാണ് വ്യാഴാഴ്ച രാത്രി 12ന് ഒറ്റയാൻ തകർത്തത്. ചുരുളിനാഥനും കുടുംബവും തമിഴ്നാട്ടിലായിരുന്നു.
വീടിനോട് ചേർന്ന് തൊഴിലാളികൾക്ക് താമസിക്കാൻ നിർമിച്ച മുറിയാണ് തകർത്തത്. ചാക്കിൽ സൂക്ഷിച്ചിരുന്ന 30 കിലോ അരി തിന്ന ശേഷം ഏലക്ക വൃത്തിയാക്കുന്ന യന്ത്രത്തിനും കേടുപാട് വരുത്തി. ചൂണ്ടലിൽ ഒറ്റപ്പെട്ട സ്ഥലത്താണ് ഈ വീട്. കാട്ടാന ശല്യം രൂക്ഷമായതിനാൽ ഏതാനും ദിവസങ്ങളായി ചുരുളിനാഥനും കുടുംബവും തമിഴ്നാട്ടിലെ വീട്ടിലാണ് താമസിക്കുന്നത്. ചുരുളിനാഥന്റെ വീട് തകർത്ത ശേഷം അരിക്കൊമ്പൻ സമീപത്തുതന്നെയുള്ള ജോൺസന്റെ കൃഷിയിടത്തിലും നാശനഷ്ടമുണ്ടാക്കി. തുടർന്ന് നേരം പുലരുന്നത് വരെ ചൂണ്ടൽ കുരിശടിയിൽ നിലയുറപ്പിക്കുകയും ചെയ്തു.
അപകടകാരിയായ അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള വനം വകുപ്പിന്റെ നടപടികൾ വേഗത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.