Representational image

അരിക്കൊമ്പനല്ല, രാവിലെ കണ്ടത് ചക്കക്കൊമ്പനെന്ന് വനംവകുപ്പ്

ചിന്നക്കനാൽ (ഇടുക്കി): അരിക്കൊമ്പനു വേണ്ടിയുള്ള ദൗത്യസംഘം ഇന്ന് രാവിലെ കണ്ടതും ചാനലുകളിൽ ദൃശ്യങ്ങൾ കാണിച്ചതും ചക്കക്കൊമ്പനാണെന്ന് വനംവകുപ്പ്. കാട്ടാനക്കൂട്ടത്തിൽ അരിക്കൊമ്പനുണ്ടെന്നായിരുന്നു രാവിലെയുള്ള വിവരം. എന്നാൽ, ഇത് അരിക്കൊമ്പനല്ലെന്നും ചക്കക്കൊമ്പനാണെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വെക്കാനുള്ള ശ്രമം ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്.

ചക്കപ്രിയനായ ഒറ്റയാനാണ് നാട്ടുകാര്‍ ചക്കക്കൊമ്പന്‍ എന്നു വിളിക്കുന്ന കാട്ടാന. ശാന്തന്‍പാറ കോരംപാറ, തലക്കുളം മേഖലകളിലാണ് ഈ ഒറ്റയാന്‍ പ്രധാനമായും നാശംവിതയ്ക്കുന്നത്. കൊമ്പന്റെ ആക്രമണത്തെ ഭയന്ന് പ്രദേശവാസികള്‍ പ്ലാവുകളില്‍ ചക്കവിരിയുന്ന ഉടന്‍ വെട്ടിക്കളയുകയാണ് പതിവ്. പത്തിലധികം ആളുകളുടെ ജീവനെടുത്തിട്ടുണ്ട്.

ഇന്നു പുലർച്ചെ നാലരയോടെയാണ് വനംവകുപ്പ് അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം കുറിച്ചത്. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.

അരിക്കൊമ്പൻ 301 കോളനിക്ക് സമീപത്തുണ്ടെന്ന സംശയത്തെ തുടർന്ന് വനപാലകർ കോളനിയിലെത്തി പരിശോധന നടത്തി. അരിക്കൊമ്പനെ കണ്ടെത്താൻ വൈകുന്നത് ദൗത്യത്തിന് വെല്ലുവിളിയാവുകയാണ്. വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കാന്‍ തടസമേറെയാണ്. വെയില്‍ കൂടിയാല്‍ ആനയെ തണുപ്പിക്കാന്‍ സൗകര്യം വേണ്ടിവരും. റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കൂടുതല്‍ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്. 


Tags:    
News Summary - arikkomban operation updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT