ഹിന്ദുത്വയും ഹിന്ദുമതവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം; നടൻ ചേതനെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹം -മന്ത്രി റിയാസ്

ഹിന്ദുത്വക്കെതിരായ ട്വീറ്റ് വിവാദമായതിന് പിന്നാലെ കന്നട നടൻ ചേതൻ അഹിംസ എന്നറിയപ്പെടുന്ന ചേതൻ കുമാറിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ചേതൻ അഹിംസയെ അറസ്റ്റ് ചെയ്ത കർണാടക പൊലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്നും ഹിന്ദുത്വയും ഹിന്ദുമതവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നും റിയാസ് കുറിച്ചു. ‘ഹിന്ദുത്വ’ എന്നത് അക്രമോത്സുകതയിലൂന്നിയ സംഘ്പരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയാണ്. മതത്തെ രാഷ്​ട്രീയാധികാരത്തിനുള്ള ഉപകരണമാക്കുന്ന ഹിന്ദുത്വക്ക് ഹിന്ദുമതവുമായോ ഹിന്ദുമത വിശ്വാസവുമായോ ഒരു ബന്ധവുമില്ല. ഹിന്ദുത്വയെയും സംഘ്പരിവാറിനെയും വിമർശിക്കുന്നത് ഏതർഥത്തിലാണ് ഹിന്ദുമത വിമർശനമാവുന്നത്?. ഹിന്ദുമതവും ഹിന്ദുത്വയും രണ്ടും ഒന്നാണെന്ന് സ്ഥാപിക്കാനാണ് സംഘ്പരിവാർ എന്നും ശ്രമിച്ചുപോരുന്നത്. അതിന്റെ തുടർച്ചയായി വേണം ഹിന്ദുത്വയെ വിമർശിച്ചതിന്റെ പേരിൽ ചേതൻ അഹിംസയെ അറസ്റ്റ് ചെയ്ത സംഭവത്തെ കാണാൻ. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കുന്ന കർണാടകയിൽ ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ച് നേട്ടം കൊയ്യാമെന്നാണ് സംഘ്പരിവാരം കരുതുന്നതെന്നും അദ്ദേഹം കുറിച്ചു.

റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഹിന്ദുത്വയെ വിമർശിച്ച കുറ്റത്തിന് കന്നഡ നടൻ ചേതൻ അഹിംസയെ അറസ്റ്റ് ചെയ്ത കർണാടക പൊലീസിന്റെ നടപടി പ്രതിഷേധാർഹമാണ്. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന് ട്വിറ്ററിൽ കുറിച്ചതിനാണ് നടനും ആക്റ്റിവിസ്റ്റുമായ ചേതൻ അഹിംസയെ കർണാടക പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഹിന്ദുമത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.

ഹിന്ദുത്വയും ഹിന്ദുമതവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. "ഹിന്ദുത്വ" എന്നത് അക്രമോത്സുകതയിലൂന്നിയ സംഘ്പരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയാണ്. മതത്തെ രാഷ്​ട്രീയാധികാരത്തിനുള്ള ഉപകരണമാക്കുന്ന ഹിന്ദുത്വക്ക് ഹിന്ദുമതവുമായോ ഹിന്ദുമത വിശ്വാസവുമായോ ഒരു ബന്ധവുമില്ല.

ഹിന്ദുത്വയെയും സംഘപരിവാറിനെയും വിമർശിക്കുന്നത് ഏതർഥത്തിലാണ് ഹിന്ദുമത വിമർശനമാവുന്നത്?. ഹിന്ദുമതവും ഹിന്ദുത്വയും രണ്ടും ഒന്നാണ് എന്ന് സ്ഥാപിക്കാനാണ് രാജ്യത്താകെ സംഘ്പരിവാർ എന്നും ശ്രമിച്ചുപോരുന്നത്. അതിന്റെ തുടർച്ചയായി വേണം ഹിന്ദുത്വയെ വിമർശിച്ചതിന്റെ പേരിൽ ചേതൻ അഹിംസയെ അറസ്റ്റ് ചെയ്ത സംഭവത്തെ കാണാൻ.

ഹിന്ദുത്വയെ വിമർശിച്ചു എന്ന കുറ്റത്തിനാണ് എം.എം കൽബുർഗിയും ഗൗരി ലങ്കേഷും കർണാടകയുടെ മണ്ണിൽ രക്തസാക്ഷികളായത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കുന്ന കർണാടകയിൽ ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ച് നേട്ടം കൊയ്യാമെന്നാണ് സംഘ്പരിവാരം കരുതുന്നത്. അതിന്റെ ഭാഗമായാണ് ടിപ്പു സുൽത്താനെ വധിച്ചത് വോക്കലിംഗ സമുദായത്തിലെ ഉറി ഗൗഡ, നഞ്ചേ ഗൗഡ എന്നിവരാണെന്ന ചരിത്രവിരുദ്ധമായ പ്രസ്താവനകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ സംഘ്പരിവാരം നടത്തിയത്. നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരാണ് ടിപ്പുവിനെ വധിച്ചതെന്ന ചരിത്ര വസ്തുതയെ മറച്ചുവെച്ചുകൊണ്ട് വർഗീയ ധ്രുവീകരണത്തിനാണ് കർണാടകയിലെ ഹിന്ദുത്വ ശക്തികളുടെ ശ്രമം. ഇതിനെയാണ് നടൻ ചേതൻ തന്റെ ട്വീറ്റിലൂടെ വിമർശിച്ചത്. നാടിനെ സർക്കാർ സംവിധാനം ഉപയോഗിച്ച് വർഗീയ കളമാക്കുന്ന സംഘ്പരിവാർ നീക്കങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.

‘‘ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളിലാണ്.

സവർക്കർ: രാവണനെ തോൽപ്പിച്ച് രാമൻ അയോധ്യയിൽ തിരിച്ചെത്തിയപ്പോഴാണ് ഇന്ത്യയെന്ന ‘രാജ്യം’ തുടങ്ങുന്നത് -ഒരു നുണ.

1992: രാമന്റെ ജന്മസ്ഥലമാണ് ബാബരി മസ്‌ജിദ് -ഒരു നുണ.

2023: ഉറിഗൗഡ-നഞ്ചെഗൗഡ എന്നിവരാണ് ടിപ്പുവിന്റെ ‘കൊലയാളികൾ’ -ഒരു നുണ.

ഹിന്ദുത്വത്തെ സത്യം കൊണ്ട് മാത്രമേ തോൽപ്പിക്കാനാകൂ -സത്യം എന്നത് തുല്യതയാണ്’’, എന്നിങ്ങനെയായിരുന്നു ചേതന്റെ ട്വീറ്റ്.

ചേതന്റെ ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ദലിത് ആക്ടിവിസ്റ്റ് കൂടിയായ നടൻ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന രീതിയിൽ പ്രസ്താവന നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ട്വീറ്റിനെതിരെ പരാതി ലഭിച്ചതിന് പിന്നാലെ ചേതനെ ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ക​ർ​ണാ​ട​ക​യി​ലെ മു​സ്​​ലിം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഹി​ജാ​ബ്​ നി​രോ​ധി​ച്ച ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രാ​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ്​ കൃ​ഷ്ണ ദീ​ക്ഷി​ത്തി​നെ വി​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലും ചേ​ത​നെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

Tags:    
News Summary - Arrest of actor Chetan is objectionable -Minister PA Muhammad Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.