അറസ്റ്റിലായ  സർമീൻ അക്തർ,  സഫീർ

എം.ഡി.എം.എയുമായി യുവതി പിടിയിലായ സംഭവം: വാങ്ങാനെത്തിയയാളും അറസ്റ്റിൽ

ആലുവ: റെയിൽവേ സ്റ്റേഷനിൽ യുവതിയെ ഒരുകിലോ എം.ഡി.എം.എയുമായി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് താഴകത്ത് വീട്ടിൽ സഫീറിനെയാണ് (35) റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ആലുവ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരു മുനേശ്വര നഗറിൽ സർമീൻ അക്തറിനെ (26) കഴിഞ്ഞ ദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടിയിരുന്നു.

ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നതിനായി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് മലഞ്ചരക്ക് വ്യാപാരിയായ സഫീർ. ആദ്യം എറണാകുളത്ത് ഇറങ്ങാനായിരുന്നു യുവതിയുടെ തീരുമാനം. പിന്നീടതിന് മാറ്റം വരുത്തി ആലുവയിൽ ഇറങ്ങുകയായിരുന്നു. സഫീറിന് കൈമാറാനായിരുന്നു പരിപാടി. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് രണ്ടു പേരും പിടിയിലായത്.

വിപണിയിൽ 50 ലക്ഷത്തിലേറെ രൂപ വിലവരും കണ്ടെടുത്ത രാസലഹരിയ്ക്ക്. വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയിൽ യുവാക്കൾക്കിടയിലാണ് വിൽപന. ഡൽഹിയിൽ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് ട്രെയിനിൽ തന്നെ തിരിച്ചു പോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം.

റേഞ്ച് ഡി.ഐ ജി പുട്ട വിമലാദിത്യയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി വി. അനിൽ, ആലുവ ഡിവൈ.എസ്.പി എ. പ്രസാദ്, ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ് എസ്.ഐമാരായ എസ്.എസ്. ശ്രീലാൽ, കെ. നന്ദകുമാർ, എ.എസ്.ഐ വിനിൽകുമാർ, സീനിയർ സി.പി.ഒമാരായ അജിത തിലകൻ, പി.എൻ. നൈജു, ദീപ്തി ചന്ദ്രൻ, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി ആറ് മാസത്തിനുള്ളിൽ റൂറൽ ജില്ലയിൽ നിന്ന് മൂന്നു കിലോയിലേറെ രാസലഹരിയാണ് പിടികൂടിയത്.

Tags:    
News Summary - Arrested in MDMA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.