തിരുവനന്തപുരം: കൈക്കുഞ്ഞുമായി മേയർ ആര്യ രാജേന്ദ്രൻ ഓഫീസിലെത്തി ഫയലുകളിൽ ഒപ്പിടുന്ന ചിത്രം വൈറലാകുകയും ഇതേച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവമാകുകയും ചെയ്തിരിക്കെ വൈറലാകുന്നത് സർക്കാറിന്‍റെ ഒരു സർക്കുലറാണ്. സർക്കാർ ഓഫീസുകളിൽ ജീവനക്കാർ തങ്ങളുടെ കുട്ടികളെ കൊണ്ടുവരുന്നത് തടഞ്ഞുകൊണ്ട് 2018 മേയ് 18ന് പുറത്തിറക്കിയ സർക്കുലറാണിത്.
കുട്ടികളെ ഓഫീസിൽ കൊണ്ടുവരുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നുണ്ട്. സർക്കാർ ജീവനക്കാർ ഓഫീസ് സമയത്ത് കുട്ടികളെ കൂടെകൊണ്ട വരികയും ഒപ്പം ഇരുത്തുകയും ചെയ്യുന്നത് ഓഫീസ് സമയം നഷ്ടപ്പെടുത്തുമെന്നും കുട്ടികളുടെ വ്യക്തിത്വ വികസനം ഹരിക്കപ്പെടുമെന്നും ഓഫീസ് ഉപകരണങ്ങൽ ദുരുപയോഗം ചെയ്യപ്പെടുമെന്നും സർക്കുലറിൽ പറയുന്നു.
ആര്യയുടെ ചിത്രത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കവെയാണ് ഉത്തരവിന്‍റെ പകർപ്പ് ചിലർ കുത്തിപ്പൊക്കിയിരിക്കുന്നത്. ഇതോടെ, ഇടതുപക്ഷ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജീവനക്കാര്‍ കുട്ടികളുമായി ഓഫിസിലെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഉത്തരവിറക്കിയ മുഖ്യമന്ത്രിക്ക് ഇപ്പോൾ മിണ്ടാട്ടമില്ലേയേന്ന് ചിലർ ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ആര്യ കുഞ്ഞുമായി ഓഫീസിലെത്തിയ ചിത്രം പ്രസിദ്ധീകരിച്ചത്. കുറേപേർ അനുകൂലിച്ചും മഹത്വവത്കരിച്ചും ചിത്രം പ്രചരിപ്പിക്കുമ്പോൾ പ്രതികൂല ചർച്ചകളും നിരവധി. അമ്മയേക്കാൾ വലിയ പോരാളി ഇല്ലെന്നും അമ്മക്കും കുട്ടിസഖാവിനും അഭിവാദ്യങ്ങൾ അർപ്പിക്കുന്നെന്നുമാണ് ഇടത് സൈബർ പോരാളികളുടെ പോസ്റ്റുകൾ. എന്നാൽ, കോൺഗ്രസ് നേതാവായ ശബരിനാഥിന്റെ ഭാര്യയും പത്തനംതിട്ട കലക്ടറുമായ ദിവ്യ എസ്. അയ്യർക്കെതിരെ സൈബർ ലിഞ്ചിങ് നടത്തിയവർതന്നെ മേയറമ്മ വാഴ്ത്തുപാട്ടുകൾ പാടുന്നെന്നാണ് മറുവിഭാഗത്തിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.