വധ ഗൂഢാലോചന: ദിലീപിന്‍റെ ഹരജിയിൽ ഹൈകോടതി വിധി നാളെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനാ കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടൻ ദിലീപിന്‍റെ ഹരജിയിൽ ഹൈകോടതി വിധി നാളെ. നാളെ 1.45നാണ് ഹൈകോടതി വിധി പറയുക. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്‍റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആർ നിലനിൽക്കില്ലെന്നും ദിലീപ് ഹരജിയിൽ പറയുന്നത്.

ഡി.വൈ.എസ്.പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്‍റെ ആരോപണം. ഡി.ജി.പി ബി. സന്ധ്യയുടെയും എ.ഡി.ജി.പി എസ്. ശ്രീജിത്തിന്‍റെയും അറിവോടെയാണ് ഗൂഢാലോചന നടന്നതെന്നും ഹരജിയിൽ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

മാധ്യമങ്ങൾക്ക് വിവരം കൈമാറിയെന്ന പരാതിയിൽ എ.ഡി.ജി.പി വിശദീകരണം നൽകി

അതേസമയം, മാധ്യമങ്ങൾക്ക് അന്വേഷണ വിവരം കൈമാറിയെന്ന പരാതിയിൽ എ.ഡി.ജി.പി എസ്. ശ്രീജിത്ത് വിചാരണ കോടതിയിൽ വിശദീകരണം നൽകി. എ.ഡി.ജി.പിയുടെ വിശദീകരണത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. വിശദീകരണം അപൂർണമാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറരുതെന്ന കോടതി നിർദേശം ലംഘിച്ചെന്നാണ് പരാതി. ഈ കേസിൽ വിശദവാദം 21ന് നടക്കും.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്‍റെ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്‍റെ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് വിചാരണ കോടതിയിൽ സമർപ്പിച്ചു. കേസ് അന്വേഷണത്തിന്‍റെ കാലാവധി നീട്ടണമെന്ന അപേക്ഷ ഹൈകോടതിയുടെ പരിഗണനയിലാണെന്ന് കോടതി അറിയിച്ചു.

അതേസമയം, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ 21ന് പരിഗണിക്കാനായി കോടതി മാറ്റി.

കോടതി രേഖകൾ ഫോണിൽ: ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷൻ

കോടതി രേഖകൾ ഫോണിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ദിലീപിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ദിലീപിന്‍റെ ഫോണിൽ നിന്ന് കണ്ടെത്തിയ രേഖകൾ കോടതിയിൽ പ്രദർശിപ്പിച്ചു

അതേസമയം, ദിലീപിന്‍റെ ഫോണിൽ നിന്ന് കണ്ടെത്തിയ രേഖകൾ ഇന്ന് കോടതിയിൽ ലാപ്ടോപ്പിൽ പ്രദർശിപ്പിച്ചു. രേഖ ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന വിഷയത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി. 

Tags:    
News Summary - Assassination conspiracy: HC verdict on Dileep's petition tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.