മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്താവളത്തിൽ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച എൽ. ഡി. എഫ് കൺവീനർ ഇ. പി ജയരാജനെതിരായ കേസിൽ മൊഴി നൽകാനെത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസ് നോട്ടീസ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് യൂത്ത് കോണഗ്രസ് പ്രവർത്തകരുടെ പരാതിയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുത്തത്. 120 (ബി), 307, 308, 506 എന്നീ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്. വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയത്. സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നടപടി.
മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സനൽ സ്റ്റാഫുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗൺമാൻ അനിൽ കുമാർ, പി.എ സുനീഷ് എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഹരജിയിൽ ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
കോടതി ഉത്തരവ് സി.പി.എമ്മിന് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്താനാണ് പൊലീസിന് കോടതി നിർദേശം നൽകിയിരുന്നത്. വിമാനത്തിൽ വെച്ച് ഇ. പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫും ക്രൂരമായി മർദിച്ചെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറും ആരോപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഇ.പി ജയരാജനും ഇൻഡിഗോ വിമാനം സംഭവത്തെ തുടർന്ന് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.