പാലാ: കേരള നിയമസഭയിൽ പാലാക്കാർക്കായി ഒരു കസേരയിട്ട കാലം മുതൽ ഇതുവരെ പാലാ മെംബർ എന്ന് പറഞ്ഞാൽ അത് മാണിയാണ്. മണ്ഡലം രൂപവത്കരിച്ച 1965 മുതൽ മരണംവരെ കെ.എം. മാണി ആയിരുന്നുവെങ്കിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മാണി സി. കാപ്പനായെന്ന് മാത്രം. കെ.എം. മാണി ഇടക്ക് മുന്നണി മാറിയെങ്കിലും വിജയം മാണിക്കൊപ്പം നിന്നു.
1965ലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്ന 1967ലും 1970ലും കേരള കോണ്‍ഗ്രസ് ഒറ്റക്കാണ് മത്സരിച്ച് വിജയിച്ചത്. 1965ൽ സി.പി.ഐയുടെ വി.ടി. തോമസ്, കോണ്‍ഗ്രസിെൻറ മിസിസ് ആര്.വി. തോമസ് എന്നിവരായിരുന്നു എതിരാളികള്‍. 9885 വോട്ടിെൻറ ഭൂരിപക്ഷം കെ.എം. മാണിക്ക് ലഭിച്ചു. '67ല്‍ വി.ടി. തോമസും കോണ്‍ഗ്രസിലെ എം.എം. ജേക്കബും എതിരാളികളായപ്പോള്‍ മാണിയുടെ ഭൂരിപക്ഷം 2711 ആയി കുറഞ്ഞു.
1970ല്‍ കോണ്‍ഗ്രസിലെ എം.എം. ജേക്കബും ഇടതു മുന്നണിയിലെ സി.പി. ഉലഹന്നാനും എതിരാളികളായി. എം.എം. ജേക്കബിനെ 364 വോട്ടിന് കെ.എം. മാണി പരാജയപ്പെടുത്തി. 1977ല്‍ കെ.എം. മാണി ഇടതു സ്ഥാനാർഥി എന്‍.സി. ജോസഫിനെ 14,859 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. 1980ല്‍ മാണി ഇടതു പാളയത്തിലെ സ്ഥാനാർഥിയായപ്പോള്‍ കോണ്‍ഗ്രസിലെ എം.എം. ജേക്കബ് വീണ്ടും എതിരാളിയായി. വിജയം മാണിയോടൊപ്പം തന്നെ. ഭൂരിപക്ഷം -4566. 1982ല്‍ കേരള കോണ്‍ഗ്രസ് ഐക്യജനാധിപത്യ മുന്നണിയിലെത്തിയപ്പോള്‍ ഇടതു മുന്നണി സ്ഥാനാർഥി ജെ.എ. ചാക്കോയെ 12,619 വോട്ടിന് തോൽപിച്ചു.
പിന്നീട് ഓരോ തവണയും കെ.എം. മാണി ഇടതുമുന്നണി സ്ഥാനാർഥികളെ പരാജയപ്പെടുത്തുകയായിരുന്നു. '87ല്‍ കെ.എസ്. സെബാസ്റ്റ്യനെ 10,545 വോട്ടിനും '91ല്‍ ജോര്‍ജ് സി. കാപ്പനെ 17,299 വോട്ടിനും '96ല്‍ സി.കെ. ജീവനെ 23,780 വോട്ടിനും 2001ല്‍ ഉഴവൂര്‍ വിജയനെ 22,301 വോട്ടിനും പരാജയപ്പെടുത്തി. 2006ലും 2011ലും 2016ലും മാണി സി. കാപ്പനായിരുന്നു എതിരാളി. 2006ല്‍ 7753 ആയിരുന്നു ഭൂരിപക്ഷമെങ്കില് 2011ല്‍ 5259 ആയി കുറഞ്ഞു. 2016ൽ കെ.എം. മാണി 58,884 വോട്ട് നേടിയപ്പോൾ മാണി സി. കാപ്പൻ 54,181വോട്ടാണ് നേടിയത്. ബി.ജെപിയുടെ എൻ. ഹരിക്ക് 24,821 വോട്ട് കിട്ടി.
കെ.എം. മാണിയുടെ മരണശേഷം നടന്ന 2019 സെപ്റ്റംബറിലെ ഉപതെരഞ്ഞെടുപ്പിൽ മാണി സി. കാപ്പൻ 54,137 വോട്ട് സ്വന്തമാക്കി വിജയിച്ചു. കേരള കോൺഗ്രസ് മാണി വിഭാഗം സ്ഥാനാർഥി ജോസ് ടോമിന് ലഭിച്ചത് 51,194 വോട്ടാണ്. എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരിക്ക് കിട്ടിയത് 18,044 വോട്ടും. മാണി സി. കാപ്പെൻറ ഭൂരിപക്ഷം 2943.
പാലാ നഗരസഭയും മീനച്ചില്‍ താലൂക്കിലെ ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം പഞ്ചായത്തുമാണ് പാലാ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. കേരള കോൺഗ്രസ് എമ്മിെൻറ ഇടതുപ്രവേശനം മുതലാക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ ആറിടത്തും പാലാ നഗരസഭയിലും ഇടതു മുന്നണി ഭരണം പിടിച്ചു. അഞ്ച് പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചു. ഒരിടത്ത് ഭരണത്തിലെത്തി ബി.ജെ.പി നിർണായകശക്തിയായി.
കഴിഞ്ഞ കുറേതവണകളായി എന്‍.സി.പിക്കാണ് ഇടതുമുന്നണി പാലാ നൽകുന്നത്. എന്നാൽ, ഇക്കുറി കേരള കോൺഗ്രസ് മാണി ഗ്രൂപ് ഇടതുമുന്നണിയിൽ എത്തിയതോടെ പാലാ സീറ്റ് അവർക്ക് നൽകേണ്ടിവരും. ഈ സാഹചര്യമുണ്ടായാൽ നിലവിലെ എം.എൽ.എ മാണി സി. കാപ്പൻ മുന്നണി വിടുമെന്ന് സൂചന നൽകിയിട്ടുണ്ട്.ജോസ് കെ. മാണി വിഭാഗം ഒപ്പമില്ലാത്തപ്പോൾ നേടിയ വിജയമാണ് മാണി സി. കാപ്പെൻറ വിലപേശലിന് അടിസ്ഥാനം.
എന്നാൽ, തങ്ങൾ ഒപ്പമെത്തിയതുകൊണ്ടാണ് പാലാ നഗരസഭയും സമീപ പഞ്ചായത്തുകളും ഇടതു ചേരിയിലെത്തിയതെന്ന് ജോസ് പക്ഷവും പറയുന്നു. എൻ.സി.പി ദേശീയ നേതൃത്വത്തിെൻറ തീരുമാനമാണ് ഇക്കാര്യത്തിൽ നിർണായകം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പതിനായിരത്തിൽപരം വോട്ടുകളുടെ മുൻതൂക്കമാണ് പാലാ മണ്ഡലത്തിൽ ലഭിച്ചത്.
വോട്ടർമാരുടെ എണ്ണം
പുരുഷന്മാർ 88231
സ്ത്രീകൾ 92804
ആകെ 181035
തെരഞ്ഞെടുപ്പ്, വർഷം, യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി
നിയമസഭ 2011, 60874, 55703, 6322
ലോകസഭ 2014, 66968, 35569, 8567
നിയമസഭ 2016, 58884, 54181, 24821
ലോകസഭ 2019, 66971, 33499, 26533
നിയമസഭ (ഉപ.), 2019, 51194, 54137, 18044
2020 തദ്ദേശ വോട്ടുനില
എൽ.ഡി.എഫ് 57357
യു.ഡി.എഫ് 47994
എൻ.ഡി.എ 19231
ലോക്സഭ 2019
തോമസ് ചാഴികാടൻ 66971
വി.എൻ. വാസവൻ 33499
പി.സി. തോമസ് 265333
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.