നഗരഹൃദയവും തീരജീവിതവും പങ്കിടുന്ന തിരുവനന്തപുരം നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എക്കാലവും ശ്രദ്ധേയ പോരാട്ടങ്ങൾക്കാണ് വേദിയായിട്ടുള്ളത്. 2011ലെ അവസാന മണ്ഡല പുനഃസംഘടനക്കുശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും സംസ്ഥാന ഭരണചക്രം തിരിക്കാൻ ഇടത്-വലത് മുന്നണികൾക്ക് മാറിമാറി അവസരം ലഭിച്ചെങ്കിലും ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയറ്റ് മന്ദിരംകൂടി ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലം ശക്തമായ മത്സരത്തിനൊടുവിൽ യു.ഡി.എഫിനൊപ്പമാണ് നിന്നത്. എക്കാലവും ത്രികോണ മത്സരത്തിെൻറ വീറുംവാശിയും നിറയുന്ന മണ്ഡലമെന്നനിലയിൽ ഇവിടത്തെ മത്സരം സംസ്ഥാന ശ്രദ്ധനേടാറുമുണ്ട്.
പഴയ തിരുവനന്തപുരം ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളുടെ ഭൂരിഭാഗം ഭാഗങ്ങൾ കൂട്ടിച്ചേർത്ത് രൂപവത്കരിച്ച മണ്ഡലമാണ് തിരുവനന്തപുരം. രാഷ്ട്രീയത്തിലെ അടിയൊഴുക്കുകൾ ഇവിടുള്ളവർക്ക് അപരിചിതമല്ല. ഇതര മണ്ഡലങ്ങളെ അപേക്ഷിച്ച് സമകാലിക രാഷ്ട്രീയ സംഭവങ്ങളും രാഷ്ട്രീയ അടിയൊഴുക്കുകളുമൊക്കെ ഭരണസിരാകേന്ദ്രംകൂടി ഉൾപ്പെടുന്ന ഇവിടത്തെ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാറുണ്ട്. മണ്ഡലത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും പുറമെ ബി.ജെ.പിയും നിർണായക ശക്തിയാണ്.
മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ 5352 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി വി.എസ്. ശിവകുമാർ വിജയിച്ചത്. 49122 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. എതിർസ്ഥാനാർഥിയായിരുന്ന ഇടതുമുന്നണിയിലെ വി. സുരേന്ദ്രൻ പിള്ളക്ക് 43770 വോട്ടും ബി.ജെ.പി സ്ഥാനാർഥി ബി.കെ. ശേഖറിന് 11519 വോട്ടും ലഭിച്ചു.
2016ലും ശക്തമായ ത്രികോണ മത്സരത്തിെനാടുവിൽ 10905 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വി.എസ്. ശിവകുമാറിന് തന്നെയായിരുന്നു വിജയം. 46474 വോട്ട് അദ്ദേഹത്തിന് ലഭിച്ചപ്പോൾ ഇടതുമുന്നണിയിലെ ആൻറണി രാജുവിന് 35569 വോട്ടും ബി.ജെ.പി സ്ഥാനാർഥി ശ്രീശാന്തിന് 34764 വോട്ടും ലഭിച്ചു. 2019 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം മണ്ഡലം യു.ഡി.എഫിനൊപ്പമാണ് നിന്നത്. യു.ഡി.എഫിലെ ശശി തരൂരിന് ഇവിടെമാത്രം 14200 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് വ്യത്യസ്തമായി എൽ.ഡി.എഫിനെ പിന്തള്ളി ബി.ജെ.പി രണ്ടാമത് എത്തുകയും ചെയ്തു. അതേസമയം, ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വാർഡുകളും എൽ.ഡി.എഫിനെ പിന്തുണച്ചു. തിരുവനന്തപുരം കോർപറേഷനിലെ 26 മുതൽ 30 വരെയുള്ള വാർഡുകളും 40 മുതൽ 47വരെയും 59-60, 69 മുതൽ 75വരെയും 77, 78, 80 വാർഡുകളുമാണ് മണ്ഡലത്തിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെയുള്ള 28 വാർഡുകളിൽ 17 എണ്ണം എൽ.ഡി.എഫ് സ്വന്തമാക്കി. ഏഴെണ്ണം ബി.ജെ.പിെക്കാപ്പമാണ്. മൂന്ന് വാർഡുകൾ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. ഒരിടത്ത് സ്വതന്ത്രനാണ് വിജയം.
മണ്ഡല പുനർനിർണയത്തിന് മുമ്പ് തിരുവനന്തപുരം വെസ്റ്റിൽ 2006ൽ എൽ.ഡി.എഫിലെ വി. സുരേന്ദ്രൻ പിള്ള 13193 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2001ൽ യു.ഡി.എഫ് സ്ഥാനാർഥി എം.വി. രാഘവൻ 8381 വോട്ടുകൾക്ക് വിജയിച്ചു.1996ൽ എൽ.ഡി.എഫ് സ്ഥാനാർഥി ആൻറണി രാജു 6894 വോട്ടിനും നിയമസഭയിലെത്തി. തിരുവനന്തപുരം ഈസ്റ്റും എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി വിജയിച്ച ചരിത്രമാണുള്ളത്.
2006ൽ 2276 വോട്ടിെൻറ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി വിജയിച്ചു. 2001ൽ 14068 വോട്ട് ഭൂരിപക്ഷം നേടി യു.ഡി.എഫ് സ്ഥാനാർഥി ബി. വിജയകുമാർ വിജയിച്ചു. 1996ൽ ബി. വിജയകുമാറിനായിരുന്നു വിജയം.ഇത്തവണയും നിയമസഭയിലേക്ക് തിരുവനന്തപുരം മണ്ഡലത്തിൽ കടുത്ത മത്സരം നടക്കുമെന്ന കാര്യത്തിൽ സംശയമില്ല. രാഷ്ട്രീയത്തിനൊപ്പം വിഴിഞ്ഞം തുറമുഖ പദ്ധതിയും നഗരവികസനവും തീരദേശവികസനവും മാലിന്യപ്രശ്നവുമെല്ലാം പ്രചാരണ വിഷയങ്ങളാകും.
ആകെ വോട്ടർമാർ 200281 •പുരുഷന്മാർ 97179
•സ്ത്രീകൾ 103079
•ട്രാൻസ്ജെൻഡർ 23
2016 നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് നില
വി.എസ്. ശിവകുമാർ
യു.ഡി.എഫ് 46474
ആൻറണി രാജു
എൽ.ഡി.എഫ് 35569
ശ്രീശാന്ത്
ബി.ജെ.പി 34764
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.