തിരുവനന്തപുരം: വനം ബഫര്‍സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. സുപ്രീംകോടതി വിധി പ്രകാരം ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ നിശ്ചയിക്കണമെന്നതിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കി, ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കിക്കൊണ്ട് ബഫർസോൺ നിശ്ചയിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. സംസ്ഥാനം സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും, ആവശ്യമെന്ന് കണ്ടാൽ ഉചിതമായ നിയമനിർമാണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി.
ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കിക്കൊണ്ട് ബഫർസോൺ നിശ്ചയിക്കണമെന്ന സംസ്ഥാന സർക്കാറിന്‍റെ തീരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് സുപ്രീംകോടതി വിധി. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ വിധി സംസ്ഥാനത്ത് നടപ്പാക്കിയാൽ ജനജീവിതത്തെ ദുരിതത്തിലാക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
വളരെ കുറഞ്ഞ ഭൂവിസ്തൃതിയുള്ള കേരളത്തിന്‍റെ 30 ശതമാനത്തോളം വനവും, ആകെ ഭൂപ്രദേശത്തിന്‍റെ 48 ശതമാനത്തോളം പശ്ചിമഘട്ട മലനിരകളും കൂടാതെ നിരവധിയായ തടാകങ്ങളും കായലുകളും നെൽവയലുകളും തണ്ണീർത്തടങ്ങളും അടങ്ങിയതാണ്. ജനവാസത്തിന് അനുയോജ്യമായ മേഖലകൾ സംസ്ഥാനത്ത് വളരെ കുറവാണ്. ഈ കാരണങ്ങളാൽ ജനവാസമേഖലകളെ ബഫർസോണിൽ നിന്ന് ഒഴിവാക്കി സംസ്ഥാനം സമർപ്പിച്ച നിർദേശങ്ങൾ കേന്ദ്രസർക്കാറിന്‍റെ പരിഗണനയിലാണ്. ഇതിൽ അന്തിമ തീരുമാനം വരാനിരിക്കെയാണ് സുപ്രീംകോടതിയുടെ വിധി വന്നതെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.