തിരുവനന്തപുരം: സുപ്രീംകോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച് അഞ്ചരക്കണ്ടി കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളിലെ 2016-17 വര്‍ഷത്തെ വിദ്യാർഥി പ്രവേശനം ക്രമവത്കരിക്കാനുള്ള ബില്‍ നിയമസഭ പാസാക്കി. ഇതുസംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഒാർഡിനൻസ് റദ്ദാക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയ കേസിൽ വിധി പറയാനിരിക്കെയാണ് നിയമസഭ െഎകകണ്േഠ്യന ബിൽ പാസാക്കിയത്.
ഒാർഡിനൻസിെൻറ അടിസ്ഥാനത്തിൽ നീറ്റ് പരീക്ഷയിലെ യോഗ്യത നോക്കാതെ തന്നെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 118ഉം കരുണയിലെ 31ഉം വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമപ്പെടുത്താൻ പ്രവേശന മേല്‍നോട്ടസമിതി അംഗം കൂടിയായ ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. അപേക്ഷ സ്വീകരിക്കുന്നതിലും റാങ്ക് പട്ടിക തയാറാക്കുന്നതിലും ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രവേശന മേൽനോട്ട സമിതി (ജസ്റ്റിസ് െജയിംസ് കമ്മിറ്റി) ഇൗ കോളജുകളിലെ പ്രവേശനം റദ്ദാക്കിയത്.
എന്നാൽ, ഇൗ വിദ്യാര്‍ഥികളുമായി കോളജുകൾ അധ്യയനം തുടര്‍ന്നു. കോളജുകൾ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും െജയിംസ് കമ്മിറ്റി നടപടി ശരിവെക്കുകയായിരുന്നു. ആരോഗ്യ സര്‍വകലാശാല ഈ വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന് അനുവദിച്ചതുമില്ല. സുപ്രീംകോടതി വിധി എതിരായതോടെയാണ് പ്രവേശനം ക്രമപ്പെടുത്താന്‍ മാനേജ്മെൻറുകളും രക്ഷിതാക്കളും സര്‍ക്കാറിനെ സമീപിച്ചത്.
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 137 വിദ്യാര്‍ഥികളുടെയും കരുണയിലെ 31 വിദ്യാര്‍ഥികളുടെയും തിരുവനന്തപുരം എസ്.യു.ടിയിലെ ഒരു വിദ്യാർഥിയുടെയും പ്രവേശനമാണ് മേല്‍നോട്ടസമിതി റദ്ദാക്കിയിരുന്നത്. ഒാർഡിനൻസിനെ തുടർന്ന് ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസിനെ വിദ്യാര്‍ഥികളുടെ മെറിറ്റ് പരിശോധനക്കായി നിയോഗിച്ചിരുന്നു.
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 44ഉം കരുണയിലെ 25ഉം വിദ്യാര്‍ഥികള്‍ക്ക് മാത്രമേ മെറിറ്റ് പ്രകാരം പ്രവേശനം ക്രമപ്പെടുത്തി നൽകാനാവൂവെന്ന് അദ്ദേഹം റിപ്പോര്‍ട്ട് നൽകി. അവശേഷിച്ച വിദ്യാര്‍ഥികള്‍ വീണ്ടും രംഗത്തുവന്നതോടെ മുഴുവൻ വിദ്യാർഥികളുടെയും പ്രവേശനം ക്രമവത്കരിക്കാൻ സർക്കാർ തീരുമാനിച്ചു.
ഇതിന് തടസ്സങ്ങളുണ്ടെങ്കിൽ അവ നീക്കി ആരോഗ്യ സർവകലാശാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ബിൽ വ്യവസ്ഥചെയ്യുന്നു. ഇൗ കോളജുകളിൽ വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ച രീതി പരിഗണിക്കാൻ പാടില്ലെന്നും ജസ്റ്റിസ് െജയിംസ് കമ്മിറ്റി മുമ്പാകെ രേഖകൾ ഹാജരാക്കാതിരുന്നത് പരിഗണിക്കേണ്ടതില്ലെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
ക്രമവത്കരണത്തിന് ബില്ലിൽ വ്യവസ്ഥചെയ്യുന്ന മൂന്ന് ലക്ഷം രൂപ വീതം വിദ്യാർഥികളിൽനിന്ന് ഇൗടാക്കാൻ പാടില്ലെന്നും കോളജ് മാനേജ്മെൻറ് അടക്കണമെന്നും ചർച്ചക്ക് മറുപടിപറഞ്ഞ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ഭാവിയെ കരുതിയാണ് ബിൽ കൊണ്ടുവരുന്നതെന്നും ഇത് കീഴ്വഴക്കമാകില്ലെന്നും മന്ത്രി പറഞ്ഞു.
നിയമനിർമാണത്തിലൂടെ പ്രവേശനം ക്രമവത്കരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മെഡിക്കൽ കൗൺസിൽ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ഒാർഡിനൻസ് റദ്ദ് ചെയ്യുമെന്ന് സർക്കാറിന് മുന്നറിയിപ്പ് നൽകിയതിനിടെയാണ് നിയമസഭ ബിൽ പാസാക്കിയത്. കേസ് വീണ്ടും അടുത്തദിവസം കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.