കോഴിക്കോട്: പിഴനടപടികളുടെ എണ്ണം കുറഞ്ഞെന്നു കാണിച്ച് മോട്ടോർ വാഹന വകുപ്പിൽ സസ്പെൻഷൻ. ആലപ്പുഴ എൻഫോഴ്സ്മെന്റ് റീജനൽ ഓഫിസിലെ എ.എം.വി.ഐ രഥുൻ മോഹനെയാണ് സസ്പെൻഡ് ചെയ്തത്.
ഉന്നത ഉദ്യോഗസ്ഥന്റെ അനധികൃത നടപടിക്കെതിരെ കോടതിയെ സമീപിച്ചതിന്റെ പ്രതികാര നടപടിയാണ് രഥുൻ മോഹന്റെ സസ്പെൻഷൻ എന്നാണ് ഉദ്യോഗസ്ഥർക്കിടയിൽ ആക്ഷേപം. എ.എം.വി.ഐ രഥുൻ മോഹൻ 2023 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ യഥാക്രമം 110, 162, 200 കേസുകൾ (ഇ-ചലാനുകൾ) മാത്രമേ തയാറാക്കിയിട്ടുള്ളൂവെന്നാണ് സസ്പെൻഷന് കാരണമായി പറയുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അനാവശ്യമായി കേസെടുക്കാൻ നിർബന്ധിപ്പിക്കുന്നുവെന്ന ആക്ഷേപം സാധൂകരിക്കുന്നതാണ് സസ്പെൻഷൻ ഉത്തരവിലെ വിശദീകരണം.
രഥുൻ മോഹൻ ഏപ്രിലിലും 213 ഇ-ചലാനുകൾ മാത്രമേ തയാറാക്കിയിട്ടുള്ളൂവെന്നും വിലയിരുത്തി മെമ്മോ നൽകി. മികച്ച രീതിയിൽ പ്രവർത്തിക്കാമെന്ന വിശദീകരണത്തെ തുടർന്ന് ഉദ്യോഗസ്ഥനെ ആലപ്പുഴ എൻഫോഴ്സ്മെന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലേക്ക് അയച്ചു. എന്നാൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ പരിശോധിച്ചതിൽ യഥാക്രമം 200, 185 ഇ-ചലാനുകൾ മാത്രമേ തയാറാക്കിയുള്ളൂവെന്നും കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതായും അറിയിച്ച് സസ്പെൻഡ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.