കാക്കനാട്: എറണാകുളം ജില്ല ജയിലിൽ അസി. സൂപ്രണ്ടിനെ കൊലക്കേസ് പ്രതി മർദിച്ച് പരിക്കേൽപിച്ചു. കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊലക്കേസ് പ്രതിയായ സ്റ്റാൻലിയാണ് ആക്രമണം അഴിച്ചുവിട്ടത്. അക്രമാസക്തനായ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അസി. സൂപ്രണ്ട് ഫ്രസൻ ആണ് മർദനത്തിനിരയായത്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഒരു വർഷത്തോളമായി ജയിലിൽ കഴിയുന്ന 79കാരനായ സ്റ്റാൻലി സ്ഥിരം ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നയാളാണ്. ഇതേതുടർന്ന് സെല്ലിൽ ഒറ്റക്കാണ് പാർപ്പിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി സെല്ല് തുറന്നതിന് പിന്നാലെ ജീവനക്കാർക്കെതിരെ ഇയാൾ അസഭ്യവർഷം നടത്തിയിരുന്നു.
ഇയാളെ ശാന്തനാക്കാൻ ചെന്നതായിരുന്നു ഫ്രസൻ. അടുത്തുചെന്ന് സംസാരിക്കുന്നതിനിടെ കൈയിൽ കരുതിയിരുന്ന ഗ്ലാസ് ഉപയോഗിച്ച് പലതവണ തലയിൽ ആഞ്ഞടിക്കുകയായിരുന്നു. മറ്റ് ജീവനക്കാർ ചേർന്ന് സ്റ്റാൻലിയെ പിടിച്ചുകെട്ടി വിലങ്ങ് അണിയിച്ചതോടെയാണ് രംഗം ശാന്തമായത്. ആഴത്തിൽ മുറിവേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തലയിൽ എട്ട് തുന്നലുണ്ട്.
ജില്ല ജയിൽ അന്തേവാസികൾക്കിടയിൽ ക്രിമിനൽ വാസന അതിരു വിടുന്നതും നിയമലംഘനങ്ങളിലേക്ക് കടക്കുന്നതും പതിവായിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതിന് നേരത്തേയും പ്രതികൾ പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.