അതിരപ്പിള്ളി: അതിരപ്പിള്ളി-വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രത്തിൽ ജനുവരി ഒന്ന് മുതൽ ജി.എസ്.ടി ഉൾപ്പെടുത്തി ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. പ്രവേശന ടിക്കറ്റ്, കാമറ ചിത്രീകരണ ചാർജ്, വാഹനങ്ങളുടെ പാർക്കിങ് നിരക്ക് എന്നിവയിലെല്ലാം വർധനവ് ഉണ്ടാകും. കുറഞ്ഞത് 10 രൂപയെങ്കിലും കൂടിയിട്ടുണ്ട്.
വീഡിയോ കാമറയുടെ കാര്യത്തിലാണ് വൻവർധനവ്. വലിയ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് ഇരട്ടിയോളമാക്കി. പുതുവർഷം മുതൽ മുതിർന്നവർക്ക് 40 രൂപ നൽകണം. വിദ്യാർഥികൾക്കും കുട്ടികൾക്കും 12 രൂപയും വിദേശികൾ 150 രൂപയും നൽകേണ്ടി വരും.
സ്റ്റിൽ കാമറ, മൊബൈൽ 30 രൂപ, വീഡിയോ കാമറ 1000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. പാർക്കിങ് ചാർജ് ഇനത്തിൽ ടൂവീലറിനും ഓട്ടോയ്ക്കും 15 രൂപ, ചെറിയ വാഹനങ്ങൾക്ക് 30 രൂപ, ഇടത്തരം വാഹനങ്ങൾക്ക് 50 രൂപ, വലിയ വാഹനങ്ങൾക്ക് 100 രൂപ എന്നിങ്ങനെയാണ് വർധനവ്. അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും കൂടി ഒരു ടിക്കറ്റ് എടുത്താൽ മതി.
അതിരപ്പിള്ളിയിലെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ട് അധികമായിട്ടില്ല. ഇതുവരെ മുതിർന്നവർക്ക് 30 രൂപ, കുട്ടികൾക്ക് രണ്ട് രൂപ, വിദ്യാർഥികൾക്ക് 10 രൂപ, വിദേശികൾക്ക് 100 രൂപ, സ്റ്റിൽ കാമറ, മൊബൈൽ 20 രൂപ, വീഡിയോ കാമറ 200 രൂപ , ടൂവീലറിനും ഓട്ടോയ്ക്കും 10 രൂപ, ചെറിയ വാഹനങ്ങൾക്ക് 20 രൂപ, ഇടത്തരം വാഹനങ്ങൾക്ക് 30 രൂപ, വലിയ വാഹനങ്ങൾക്ക് 50 രൂപ എന്നിങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.