കഴക്കൂട്ടം: കഴക്കൂട്ടത്ത് എ.ടി.എം തകർത്ത് വൻ കവർച്ച. പത്തരലക്ഷത്തോളം രൂപ നഷ്ടമായി. കഴക്കൂട്ടം അമ്പലത്തുംകരയിലെ ദേശീയപാതയോരത്തെ എസ്.ബി.ഐ കൗണ്ടറാണ് കവർച്ചചെയ്തത്. ഗ്യാസ്കട്ടർ ഉപയോഗിച്ച് പണം നിറക്കുന്ന ഭാഗം അറുത്തുമാറ്റിയാണ് കവർച്ച നടത്തിയത്. എ.ടി.എം കൗണ്ടറിലെ പ്രധാന കാമറകളിലൊന്ന് പ്രവർത്തിക്കാത്തത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. സംഭവം പുറത്തറിയുന്നത് വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ്. എ.ടി.എമ്മിൽ പണം നിറക്കുന്ന സ്വകാര്യ ഏജൻസി എത്തിയപ്പോഴാണ് കവർച്ച പുറത്തറിയുന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചു ലക്ഷം രൂപ ഏജൻസി എ.ടി.എമ്മിൽ നിക്ഷേപിച്ചിരുന്നു. പണം നിക്ഷേപിക്കുന്ന സമയത്ത് എ.ടി.എമ്മിൽ ഒമ്പതു ലക്ഷത്തോളം രൂപ ബാക്കിയുണ്ടായിരുന്നു. ഇതിൽ കവർച്ച നടന്ന തുക കഴിച്ച് ബാക്കി ഇടപാടുകാർ പിൻവലിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ച ഒന്നേകാൽവരെ എ.ടി.എമ്മിൽ ഇടപാടുകൾ നടന്നിട്ടുള്ളതായി ബാങ്ക് അധികൃതർ സ്ഥിരീകരിച്ചു. രാത്രി രണ്ടോടെ കഴക്കൂട്ടം പൊലീസ് പേട്രാളിങ് നടത്തിയതായി എ.ടി.എമ്മിന് സമീപത്തെ ബീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇക്കാരണങ്ങളാൽ പുലർച്ച രണ്ടിനുശേഷമാണ് കവർച്ച നടന്നതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എ.ടി.എം െമഷീനിലെ കാമറ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. അന്വേഷണ സംഘം ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പണം പിൻവലിക്കുന്നവരുടെ ചിത്രങ്ങൾ മാത്രമാണ് കാമറയിൽ ഉള്ളതെന്ന് പൊലീസ് പറയുന്നു. കൗണ്ടറിെൻറ മേൽക്കൂരയിൽ ഘടിപ്പിച്ചിരുന്ന പ്രധാന കാമറയാണ് പ്രവർത്തനരഹിതമായിരുന്നത്. വിരലടയാള വിദഗ്ധരടക്കമുള്ള ശാസ്ത്രീയ പരിശോധന സംഘമെത്തി തെളിവുകൾ ശേഖരിക്കുന്നതോടെ കവർച്ചയെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. ശാസ്ത്രീയ പരിശോധന ശനിയാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.