കല്ലമ്പലം: നാവായിക്കുളത്തും സമീപ പ്രദേശങ്ങളിലും രണ്ട് ആരാധനാലയങ്ങൾക്ക് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. സംഭവത്തിൽ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപിച്ചു. വെള്ളൂർകോണം മുസ്ലിം പള്ളിക്ക് നേരയും ഇടമൺനില കൈപ്പള്ളി നാഗരുകാവിന് നേരയുമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രിയിൽ ആക്രമണം നടന്നത്.
ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നാവായികുളം വെള്ളൂർക്കോണം മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ പള്ളിയുടെ ഡിജിറ്റൽ ബോർഡ് തകർന്നു. ശബ്ദം കേട്ടെത്തിയ അയൽ വാസികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് നാവായിക്കുളം സ്കൂളിന് സമീപത്ത് നിന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കിളിമാനൂർ കാനാറ കുന്നുംപുറത്ത് വീട്ടിൽ സുധീരൻ (38) ആണ് പിടിയിലായത്.
ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ക്ഷേത്ര ആക്രമണ കേസിൽ പള്ളിക്കൽ പൊലീസിന് കൈമാറി. രണ്ട് സംഭവങ്ങൾക്ക് പിന്നിലും സുധീരനാണെന്ന് പൊലീസ് പറഞ്ഞു. ആരാധനാലയങ്ങളിൽ മോഷണം നടത്തിയതിന് മുമ്പും ഇയാൾക്കെതിരെ കേസുകൾ ഉണ്ടായിരുന്നു. 2007 ൽ കിളിമാനൂരിലും 2019ൽ നഗരൂരിലും 2020ൽ കല്ലമ്പലത്തുമാണ് ഇയാൾ മോഷണം നടത്തിയത്.
രണ്ട് ദിവസം മുൻപാണ് നാവായിക്കുളം മുക്കുകട ഇടമൺനില കൈപ്പള്ളിയിൽ നാഗരുകാവ്-മാടൻ നടയിലെ വിഗ്രഹങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയത്. വൈകീട്ട് ക്ഷേത്രത്തിൽ വിളക്ക് കൊളുത്താൻ എത്തിയവരാണ് പ്രതിഷ്ഠകൾ അപ്രത്യക്ഷമായ വിവരമറിഞ്ഞത്. തുടർന്ന് പരിസരങ്ങളിൽ ചിതറിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും കുത്തിപൊളിക്കാൻ ശ്രമം നടന്നിട്ടുണ്ട്. കാവ് ഭാരവാഹികൾ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് എത്തി അന്വേഷണം നടത്തി വരവെയാണ് പള്ളിക്കുനേരെയും ആക്രമണം നടന്നത്. പള്ളി അക്രമണവുമായി ബന്ധപെട്ട് ജമാഅത്ത് ജനറൽ സെക്രട്ടറി എസ്. നിസാർ കല്ലമ്പലം പൊലീസിൽ പരാതി നൽകി.
രണ്ടാഴ്ച മുമ്പ് മരുതിക്കുന്ന് മുസ്ലിം ജമാഅത്ത് പ്രസിഡന്‍റിന്‍റെ വീടിന് നേരെയും സാമൂഹ്യ വിരുദ്ധർ ഒഴിഞ്ഞ മദ്യ കുപ്പിയെറിഞ്ഞിരുന്നു. നാട്ടിലെ മത സൗഹാർദം തകർക്കാനുള്ള ഇത്തരം പ്രവർത്തികൾക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.