തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടയില്‍ ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ വച്ച് കന്യാസ്ത്രീകളെ ആക്രമിക്കുകയും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം നിന്ദ്യവും, പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാന മന്ത്രിക്ക് കത്തയച്ചു.
അക്രമത്തിന് ഇരയായവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനു പകരം കന്യാസ്ത്രീകളെ ബലമായി ട്രെയിനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവുകയും അവര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത പോലീസ് നടപടി ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഭരണത്തിൻ കീഴില്‍ മതനിരപേക്ഷത എത്രമാത്രം അപകടത്തിലായിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ സംഭവം. കന്യാസ്ത്രീകള്‍ ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ ഒഡീഷയിലേക്ക് പോകുമ്പോള്‍ ഉത്തര്‍പ്രദേശ് വഴി യാത്ര ചെയ്തു എന്നേയുള്ളു. കൂടെയുണ്ടായിരുന്നതും വിദ്യാര്‍ത്ഥിനികളായ കന്യാസ്ത്രീകളായിരുന്നു. എന്നിട്ടും ഉത്തര്‍പ്രദേശിലെ നിയമമുപയോഗിച്ച് അവരെ കുടുക്കാനാണ് പൊലീസ് ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തര്‍പ്രദേശ് സര്‍ക്കാർ തയ്യാറാകണം. ഇതോടൊപ്പം കേന്ദ്ര സർക്കാരും വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണം. ഈ രാജ്യത്ത് സ്വതന്ത്രമായും മനുഷ്യാന്തസ്സോടു കൂടിയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.