അഗളി: അട്ടപ്പാടിയിലെ സ്കൂൾ വിദ്യാർഥികളിൽ ആരോഗ്യവകുപ്പ് നടത്തിയ രക്തപരിശോധനയിൽ 735 കുട്ടികളിൽ ഹീമോഗ്ലോബിെൻറ അളവ് താഴ്ന്ന നിലയിലെന്ന് കണ്ടെത്തിയിട്ടും തുടർനടപടികളുണ്ടായില്ല. 33 സ്കൂളുകളിലായി 9,800 വിദ്യാർഥികളുടെ രക്തപരിശോധന നടത്തിയപ്പോഴാണ് ഇൗ വിവരം ലഭിച്ചത്. ഇതിൽ 24 കുട്ടികളിൽ അളവ് 5 ഗ്രാംസ് / ഡസീലിറ്റർ എന്ന അളവിൽ മാത്രമാണ്. ഇത് അതി ഗുരുതരാവസ്ഥയാണെന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
പോഷകാഹാരക്കുറവ് മൂലം നവജാത ശിശുക്കൾ മരിക്കുന്നത് തുടർക്കഥയായ സാഹചര്യത്തിലാണ് മൂന്ന് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന അട്ടപ്പാടിയിലെ വിദ്യാർഥികളിൽ പരിശോധന നടന്നത്. ഇത്തരം സാഹചര്യങ്ങളിൽ രോഗകാരണം മനസ്സിലാക്കാൻ ഗവേഷണവും ഇവർക്ക് മതിയായ പോഷകാഹാരം ഉറപ്പാക്കലും പുരോഗതി വിലയിരുത്തലും ആവശ്യമാണ്. എന്നാൽ, ഇതൊന്നുമുണ്ടായില്ല. ഓരോ കുട്ടിയുടെയും ആരോഗ്യസ്ഥിതി രേഖപ്പെടുത്താൻ ആരോഗ്യവകുപ്പിന് കീഴിൽ മെഡിക്കൽ റെക്കോഡ് തയാറാക്കിയിരുന്നെങ്കിലും അത് ഉപയോഗിക്കപ്പെട്ടില്ല. 3.10 ലക്ഷം രൂപ ചെലവിട്ട് ഒരു എൻ.ജി.ഒയുടെ സാമ്പത്തിക സഹായത്തോടെയാണ് മെഡിക്കൽ റെക്കോഡ് തയാറാക്കിയത്.
കുട്ടികളിലെ ആരോഗ്യപരിശോധനയുടെ ഉദ്ഘാടനം കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും പിന്നീട് തുടർനടപടികളുണ്ടായില്ല. ആരോഗ്യമുള്ള ആൺകുട്ടികളിൽ 13.8 ജി/ഡി.എൽ മുതൽ 17.2 വരെയും പെൺകുട്ടികളിൽ 12.1 ജി/ഡി.എൽ മുതൽ 15.1 വരെയുമാണ് ഹീമോഗ്ലോബിൻ അളവ്. ഇത് അഞ്ച് ജി/ഡി.എല്ലിൽ താഴെയുള്ള അവസ്ഥ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അധ്യയനവർഷം ആരംഭിക്കാനിരിക്കെ പോഷകാഹാരക്കുറവ് കണ്ടെത്തിയ 735 കുട്ടികളുടെ കാര്യത്തിൽ തുടർനടപടി വേണമെന്നാണ് ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.