തൃശൂർ: അഭിഭാഷകനെ ഓഫിസിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.കെ. സുരേഷ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. അയ്യന്തോളിൽ കോടതിക്ക് സമീപം വീടിനോട് ചേർന്ന ഓഫിസിലെത്തിയാണ് ആക്രമണം. ഓഫിസിൽ ജൂനിയർ അഭിഭാഷകരടക്കമുള്ള സമയത്തായിരുന്നു സംഭവം.
ഓഫിസിലേക്ക് അതിവേഗത്തിലേക്ക് ഓടിയെത്തിയ അക്രമി, കൈയിൽ കരുതിയ പെട്രോൾ സുരേഷ് ബാബുവിെൻറ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തീ കൊളുത്താനുള്ള ശ്രമത്തിനിടെ ലൈറ്റർ കൈയിൽനിന്ന് പോയതാണ് അപകടമൊഴിവാകാൻ കാരണം.
ഇയാളെ പിടികൂടിയെങ്കിലും തട്ടിയകറ്റി രക്ഷപ്പെട്ടു. അക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്നാണ് സംശയിക്കുന്നതെന്ന് പറയുന്നു. ദേഹത്ത് പെട്രോളുമായി പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി മൊഴി നൽകുകയായിരുന്നുവെന്ന് സുരേഷ് ബാബു പറഞ്ഞു.
അക്രമിയുടെ സുഹൃത്തിന് വ്യവസായവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമോപദേശം നൽകിയിരുന്നത് സുരേഷ് ബാബുവാണത്രെ. എന്നാൽ, ഇയാളുമായി മറ്റ് അടുപ്പങ്ങളൊന്നുമില്ലാതിരിക്കെ മറ്റാർക്കോ വേണ്ടി ചെയ്തതാവുമെന്നാണ് സുരേഷ് ബാബു പറയുന്നത്.
അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. അതേസമയം, നേരിട്ടെത്തി മൊഴി നൽകിയിട്ടും കേസിൽ കൊലക്കുറ്റം ചുമത്താതെ പൊലീസ് ഒളിച്ചുകളി നടത്തിയെന്ന് സുരേഷ് ബാബു ആരോപിച്ചു. വിവാദമായ പാറ്റൂർ ഭൂമി കൈയേറ്റ കേസിൽ ലോകായുക്തയിൽ ഹാജരായി ഉമ്മൻ ചാണ്ടി സർക്കാറിനെ കുരുക്കിലാക്കിയ വിധി നേടിയത് സുരേഷ് ബാബുവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.