എ.​ബി.​സി.​ഡി ക്യാ​മ്പു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ക​ല​ക്ട​റേ​റ്റി​ൽ

ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ളന​ത്തി​ൽ ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

മുഴുവന്‍ ഗോത്രവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍; ചരിത്രനേട്ടത്തില്‍ വയനാട്

കൽപറ്റ: മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍ ഉറപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും നടത്തിയ അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) പദ്ധതിയുടെ പ്രത്യേക ക്യാമ്പുകളിലൂടെയാണ് ജില്ല ചരിത്രനേട്ടം കൈവരിച്ചത്.

റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിങ്ങനെ ആറ് പ്രധാന രേഖകളാണ് ഗുണഭോക്താക്കള്‍ക്ക് ക്യാമ്പുകളിലൂടെ ലഭ്യമായത്. ജില്ല ഭരണകൂടം, പട്ടികവര്‍ഗ വികസന വകുപ്പ്, ഐ.ടി വകുപ്പ് എന്നിവയുടെ സംയുക്ത പദ്ധതിയാണ് പട്ടികവര്‍ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പുവരുത്തുകയും തിരുത്തലുകള്‍ ആവശ്യമായവയില്‍ തിരുത്ത് വരുത്തി രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യുന്ന സമഗ്ര കാമ്പയിന്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെയുള്ള പദ്ധതി ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണ്.

റവന്യൂ, തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗ വികസനം, ആരോഗ്യം, സിവില്‍ സപ്ലൈസ്, ഇലക്ഷന്‍, ഐ.ടി മിഷന്‍, അക്ഷയ കേന്ദ്രം, ലീഡ് ബാങ്ക്, പോസ്റ്റല്‍ വകുപ്പ്, കാരുണ്യ. കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്‌സ്, നെഹ്‌റു യുവകേന്ദ്ര തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഒരോ തദ്ദേശ സ്ഥാപന പരിധിയിലും പട്ടികവര്‍ഗക്കാര്‍ക്കായി ക്യാമ്പുകള്‍ നടത്തിയത്.

ജനപ്രതിനിധികള്‍ വഴിയും പട്ടികവര്‍ഗ പ്രമോട്ടമാർ, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയുമാണ് ആദിവാസി കോളനികള്‍ തോറും കയറി രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തി ക്യാമ്പിലെത്തിച്ചത്. രേഖകള്‍ ലഭ്യമാക്കുന്നതിന് ഓരോ വകുപ്പുകളും പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. അക്ഷയകേന്ദ്രങ്ങള്‍ ഗോത്ര സൗഹൃദ കൗണ്ടറുകളും ഒരുക്കി.

സംസ്ഥാന തലത്തില്‍ മാതൃകയായ പദ്ധതിയുടെ നിര്‍വഹണത്തില്‍ ജില്ല കലക്ടര്‍ എ. ഗീത, നോഡല്‍ ഓഫിസറും സബ്കലക്ടറുമായ ആര്‍. ശ്രീലക്ഷ്മി എന്നിവര്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി യഥാസമയം സ്ഥിതിഗതികള്‍ വിലയിരുത്തി.അഡീഷനൽ ക്യാമ്പുകളില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അജീഷ്, കെ. ദേവകി എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. പട്ടികവര്‍ഗ വികസന മന്ത്രി, റവന്യൂ മന്ത്രി, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍ ഉള്‍പ്പെടെ മുഴുവന്‍ ജനപ്രതിനിധികളും ക്യാമ്പുകളുടെ വിജയത്തില്‍ നേതൃപരമായ പങ്കുവഹിച്ചു.

ജില്ല ഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടവും ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിക്ക് തുക വകയിരുത്തിയതും ക്യാമ്പുകളുടെ വിജയകരമായ നടത്തിപ്പിന് സഹായകരമായി.രേഖകൾ ലഭിക്കേണ്ടവർക്കായി ഭാവിയിൽ ഇത്തരം ക്യാമ്പുമായി മുന്നോട്ടുപോകാനാണ് ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്.

26 ക്യാമ്പുകള്‍; 1,42,563 സേവനങ്ങള്‍

2021 നവംബറില്‍ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ എ.ബി.സി.ഡി കാമ്പയിന്റെ അവസാന ക്യാമ്പ് 2023 ജനുവരി 18 ന് തരിയോട് ഗ്രാമ പഞ്ചായത്തിലായിരുന്നു.2022 ന് ഒക്ടോബര്‍ 16ന് നടന്ന ചടങ്ങില്‍ തൊണ്ടര്‍നാടിനെ, മുഴുവന്‍ പട്ടികവര്‍ഗകാര്‍ക്കും ആധികാരിക രേഖകള്‍ നല്‍കി ഡിജിറ്റലൈസ് ചെയ്ത സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി പട്ടികവര്‍ഗ വികസന മന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ 100 ശതമാനം നേട്ടം കൈവരിച്ച പഞ്ചായത്തായി വൈത്തിരിയെയും പ്രഖ്യാപിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കുറച്ച് കാലത്തേക്ക് ക്യാമ്പുകള്‍ നിര്‍ത്തേണ്ടി വന്നെങ്കിലും 2022 ആഗസ്റ്റില്‍ പുനഃരാരംഭിച്ചാണ് ആറു മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കിയത്. ജില്ലയിൽ ആകെയുള്ള 26 തദ്ദേശ സ്ഥാപനങ്ങളിലും നടന്ന ക്യാമ്പുകളിലൂടെ 1,42,563 സേവനങ്ങളാണ് പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ലഭ്യമായത്. ആകെ 64,670 പേര്‍ ഗുണഭോക്താക്കളായി.ഭാവിയിൽ രേഖകൾ നഷ്ടപ്പെടാതിരിക്കാൻ 22,888 രേഖകൾ ഡിജിറ്റലൈസ് ചെയ്ത് ഡിജി ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു.

15,796 കുടുംബങ്ങള്‍ക്കാണ് ക്യാമ്പുകളിലൂടെ റേഷന്‍ കാര്‍ഡുകള്‍ ലഭ്യമായത്. ഇതിൽ 8260 കുടുംബങ്ങൾക്ക് മുൻഗണനാടിസ്ഥാനത്തിലുള്ള പിങ്ക്, മഞ്ഞ കാർഡുകളാണ് നൽകിയത്. ആകെ സേവനങ്ങളില്‍ 11,175 പേര്‍ക്കായി 17,385 സേവനങ്ങള്‍ നല്‍കിയത് അക്ഷയയുടെ ഗോത്രസൗഹൃദ കൗണ്ടറുകള്‍ വഴിയാണ്.

ക്യാ​മ്പി​ലൂ​ടെ ആ​കെ ല​ഭ്യ​മാ​ക്കി​യ രേ​ഖ​ക​ള്‍

റേഷന്‍ കാര്‍ഡ് -15796

ആധാര്‍ -31252

ജനന-മരണ സര്‍ട്ടിഫിക്കറ്റ് -11300

ഇലക്ഷന്‍ ഐ.ഡി -22488

ബാങ്ക് അക്കൗണ്ട് -7258

വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് -7790

ഡിജി ലോക്കര്‍ -22888

ആരോഗ്യ ഇന്‍ഷുറന്‍സ് -2337

ഇ-ഡിസ്ട്രിക്ട് സേവനം -12797

പെന്‍ഷന്‍ -1379

മറ്റ് സേവനങ്ങള്‍ -7278

ആകെ നല്‍കിയ സേവനങ്ങള്‍ -142563

ആകെ ഗുണഭോക്താക്കള്‍ -64670

എ.ബി.സി.ഡി ക്യാമ്പ് മറ്റു ജില്ലകളിലും

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ ജനസംഖ്യയുള്ള വയനാട് ജില്ലയില്‍ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും തികഞ്ഞ ഏകോപനത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഓരോ പഞ്ചായത്തിലും രണ്ടു മുതല്‍ നാലു ദിവസം വരെ നീണ്ട ക്യാമ്പുകള്‍ എല്ലാവിധ സന്നാഹങ്ങളോടെയും സജ്ജീകരിച്ച് പകലന്തിയോളം ഉദ്യോഗസ്ഥര്‍ ഇരുന്നാണ് രേഖകള്‍ നല്‍കിയത്.ഗുണഭോക്താക്കളെ അവരുടെ വീടുകളില്‍ പോയി കൊണ്ടു വന്ന് ഭക്ഷണവും ആവശ്യമായ സൗകര്യങ്ങളും ഒരുക്കി എല്ലാ രേഖകളും ലഭ്യമാക്കി വീടുകളില്‍ തിരിച്ചെത്തിച്ച പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണ്.

സംസ്ഥാനതലത്തിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പല ജില്ലകളിലും ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. ഏറ്റവുമടുത്ത സൗകര്യത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന വിപുലമായ പരിപാടിയില്‍ ജില്ല കൈവരിച്ച നേട്ടം ഔദ്യോഗികമായി പ്രഖ്യാപിക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. വാർത്തസമ്മേളനത്തിൽ ഒ.ആർ. കേളു എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, ജില്ല കലക്ടർ എ. ഗീത, മാനന്തവാടി സബ് കലക്ടർ ആർ. ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു.

22,888 രേഖകൾ ഡിജിറ്റല്‍ ലോക്കറില്‍ സുരക്ഷിതം

പലതവണയായി ലഭിച്ച രേഖകള്‍ സൂക്ഷിക്കാനുള്ള സൗകര്യക്കുറവ് ആദിവാസി കുടുംബങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു. അറിവില്ലായ്മയും പ്രകൃതിക്ഷോഭം, അഗ്നിബാധ മുതലായ കാരണങ്ങളാലും, മുന്‍കാലങ്ങളില്‍ ലഭിച്ച രേഖകളില്‍ പലതും ഇവര്‍ക്ക് നഷ്ടമായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് ഡിജിറ്റല്‍ ലോക്കര്‍ സൗകര്യം പ്രായോജനപ്പെടുത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്.

22,888 രേഖകൾ ഡിജിറ്റല്‍ ലോക്കറിലായി ഇപ്പോള്‍ സുരക്ഷിതമാണ്. ലോക്കര്‍ പാസ് വേഡ് ഉപയോഗിച്ച് ഏതുകാലത്തും രേഖകള്‍ തുറന്നെടുക്കാവുന്ന വിധത്തില്‍ സജ്ജീകരിച്ചതോടെ വരും കാലങ്ങളില്‍ സര്‍ക്കാറിന്റെ വിവിധ ധനസഹായ പദ്ധതികളില്‍ നിന്നും മതിയായ രേഖകളില്ലാത്തതിനാല്‍ പുറത്താകേണ്ടിവരുന്ന സാഹചര്യം ഉണ്ടാകില്ല.

അതിനാല്‍തന്നെ ആയിരക്കണക്കിന് ആദിവാസികള്‍ക്ക് ഓരോ എ.ബി.സി.ഡി ക്യാമ്പുകളും ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്നാണ് സമാപിച്ചത്.മൊബൈല്‍ നമ്പറുള്ള എല്ലാവരുടെയും രേഖകള്‍ ഡിജി ലോക്കറില്‍ സുരക്ഷിതമാണ്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ഫോണുണ്ടെങ്കില്‍ എല്ലാവരുടെയും രേഖകള്‍ അതില്‍ സൂക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. മൊബൈല്‍ നമ്പര്‍ ഇല്ലാത്തവരുടെ കാര്യത്തില്‍ ബയോമെട്രിക് സംവിധാനത്തിലൂടെ രേഖകള്‍ വീണ്ടെടുക്കാനുള്ള സാധ്യതക്ക് ആധാര്‍ അധികൃതരുമായി കത്തിടപാടുകള്‍ നടത്തിവരുന്നു.

Tags:    
News Summary - Authoritative records for entire tribes; Wayanad in historical achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.