തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ച് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എൽ.എം അൻസാരി. തലസ്ഥാന നഗരിയിലെ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിന്‍റെ തികഞ്ഞ പരാജയമാണ്. തമ്പാനൂരിൽ കഴിഞ്ഞ ദിവസം പട്ടാപ്പകൽ ജോലി സ്ഥലത്ത് അയ്യപ്പൻ എന്നയാളെ അതി നിഷ്ഠൂരമായി കൊലപ്പെടുത്തിയത് തലസ്ഥാന നഗരിയിൽ നടക്കുന്ന കൊലപാതക പരമ്പരകളുടെ ഒടുവിലത്തെ ഉദാഹരണമാണ്. ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നഗരത്തിൽ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിരന്തരം കൊലപാതകങ്ങളും അക്രമങ്ങളും ആവർത്തിക്കുക വഴി ഗുണ്ടാവിളയാട്ടങ്ങളുടെ വിഹാരകേന്ദ്രമായി തലസ്ഥനം മാറി കൊണ്ടിരിക്കുകയാണ്. ഭരണസിരാകേന്ദ്രത്തിൽ തന്നെ ഇത്തരം അക്രമങ്ങൾ ആവർത്തിക്കുന്നത് ഭരണപരാജയവും ആഭ്യന്തര വകുപ്പിന്‍റെ പിടിപ്പുകേടുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊലീസ് സംവിധാനങ്ങളുടെ പരാജയത്തെയാണ് തലസ്ഥാന നഗരിയിൽ പൊലീസിന്‍റെ മൂക്കിൻ തുമ്പത്ത് നടക്കുന്ന ഇത്തരം കൊലപാതങ്ങൾ സൂചിപ്പിക്കുന്നത്. കൃത്യമായ നിയമപാലനവും പ്രതികൾക്കെതിരെ കടുത്ത ശിക്ഷാനടപടികൾ നടപ്പിലാക്കപ്പെടാത്തതുമാണ് ദാരുണ കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണം. എത്രയും പെട്ടെന്ന് പ്രതിയെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ ഉറപ്പുവരുത്തണമെന്നും അൻസാരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.