'നീതിക്കൊപ്പം, കന്യാസ്ത്രീമാർക്കൊപ്പം'; കത്തെഴുതി പിന്തുണ പ്രഖ്യാപിച്ച് താരങ്ങളും എഴുത്തുകാരും

കന്യാസ്ത്രീയെ ബലാത്സംഘം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുററവിമുക്തനാക്കി കോടതിവിധി വന്നതിന് പിന്നാലെ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കൊണ്ട് സോഷ്യൽ മീഡിയാക്യാ​െമ്പയിൻ വൈറലാകുന്നു.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കന്യാസ്ത്രീകൾ ഒറ്റക്കല്ലെന്ന് വെളിപ്പെടുത്തികൊണ്ട് സ്വന്തം കൈപ്പടയിൽ കത്തെഴുതി മെയിൽ അയച്ചാണ് ക്യാമ്പയിൻ നടത്തുന്നത്. 'വിത്ത് ദ നണ്‍' എന്ന ഹാഷ്ടാഗോടെയാണ്​ കത്ത്​ സമൂഹമാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്യുന്നത്​. സിനിമാ- സാഹിത്യ മേഖലയിലെ പ്രമുഖരടക്കം നിരവധിപേർ കത്തുമായി രംഗത്തുവന്നിട്ടുണ്ട്​ . കെ.ആര്‍ മീര, ജെ.ദേവിക, ഗീതുമോഹന്‍ദാസ്, ലീന മണിമേഖല, ധന്യരാജേന്ദ്രന്‍, പാര്‍വതി തിരുവോത്ത്, ചിന്മയി ശ്രീപദ, റിമ കല്ലിങ്ങൽ, രഞ്ജിനി ഹരിദാസ് തുടങ്ങിയവർ കത്ത് സോ‍ഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

'എണീറ്റ് നിന്ന് അനീതിയ്ക്ക് വേണ്ടി പോരാടിയതിന് നന്ദി, പലരും നിശബ്ദമാവുന്നിടത്ത് നിങ്ങളുടെ കഥ പറഞ്ഞതിന്, പോരാടാനും തളരാതിരിക്കാനും (വിധി നിങ്ങൾക്ക് പ്രതികൂലമായപ്പോഴും) കാണിച്ച മനക്കരുത്തിനും ദൃഢനിശ്ചയത്തിനും നന്ദി. ഒട്ടും എളുപ്പമല്ലെന്നറിയാം, പക്ഷേ നിങ്ങൾക്ക് കഴിയും, നിങ്ങളീ യാത്രയെ അതിജീവിക്കും. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്' ഗീതു മോഹൻദാസ് കുറിച്ചതിങ്ങനെ.


'നിങ്ങളുടെ അന്തസ്സ് ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ഈ യുദ്ധക്കളത്തിൽ എത്ര നേരം നിൽക്കേണ്ടി വന്നാലും ഞങ്ങൾ തളരില്ല, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്' എന്നാണ് പാർവതി തിരുവോത്ത് കുറിച്ചത്.

'എന്റെ ഇരുണ്ട നിമിഷങ്ങളിൽ നിങ്ങളെന്നെ പ്രചോദിപ്പിച്ചു, നിങ്ങളുടെ ഹൃദയത്തിന്റെ സാന്നിധ്യം അനുഭവിക്കുകയും നിങ്ങളുടെ പോരാട്ടം എന്റെ ആത്മാവിനെ ഉയർത്തുകയും ചെയ്തു' റിമ കല്ലിങ്കൽ എഴുതുന്നു.

'ഇതൊരു അവസാനമല്ല, നിങ്ങൾ തനിയെയുമല്ല. ഞങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു. നിങ്ങളുടെ സഹോദരിമാർ നിങ്ങൾക്കൊപ്പം നിൽക്കുന്നതുപോലെ. ഞങ്ങൾ നിങ്ങളെ മനസ്സിലാക്കുന്നു, നിങ്ങളുടെ വേദന, ദേഷ്യം, നിരാശ… ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു. ഞങ്ങൾ നിങ്ങളുടെ ശബ്ദമാവും, നിങ്ങളുടെ കരുത്താവും, തോറ്റുകൊടുക്കാൻ തയ്യാറല്ല. നിങ്ങളുടെ പോരാട്ടം ഞങ്ങളിലൂടെ പ്രതിധ്വനിക്കും. ഒരു ദിവസം അത് കേൾക്കപ്പെടുകയും നീതി ലഭിക്കുകയും ചെയ്യും. പ്രതീക്ഷ കൈവിടാതിരിക്കൂ, നിങ്ങൾ തനിച്ചല്ല'-രഞ്ജിനി ഹരിദാസ് എഴുതുന്നു.


ഈ കേസ് ആദ്യ റിപ്പോർട്ടു വന്നപ്പോൾ മുതൽ താൻ ശ്രദ്ധിക്കുന്ന ഒന്നാണെന്ന് പറഞ്ഞുകൊണ്ടാണ് ചിന്മയി ശ്രീപദ തന്റെ കത്ത് ആരംഭിച്ചത്. 'നിങ്ങൾ ഞങ്ങളുടെ ഹീറോയാണ്. നിങ്ങൾ തനിയെ അല്ലെന്ന് അറിയൂ. ഈ ഇരുണ്ട ടണലിന് അപ്പുറം തീർച്ചയായും വെളിച്ചമുണ്ടാവും'-ചിന്മയി ശ്രീപദ കുറിച്ചതിങ്ങനെ.

'കോടതിയിൽ ജയിച്ചാലും തോറ്റാലും സിസ്റ്റർ ജയിച്ചു കഴിഞ്ഞു. കാരണം, സിസ്റ്റർ രചിച്ചതു പുതിയൊരു ചരിത്രമാണ്. ഭാവി തലമുറ വാഴ്ത്തുക, സിസ്റ്ററിന്റെയും നിലനിൽപ്പു തന്നെ പണയം വച്ച് സിസ്റ്ററിനൊപ്പം തുടരുന്ന സിസ്റ്റർമാരുടെയും സമരത്തിന്റെയും സഹനത്തിന്റെയും കഥയായിരിക്കും. നിങ്ങളുടെ കഥ നമ്മൾ ജീവിക്കുന്ന കാലത്തെ സിസ്റ്റർഹുഡിന്റെ അഭിമാനകഥയാണ്, സ്നേഹവും പിന്തുണയും എന്നും നിങ്ങളോടൊപ്പം' എന്നാണ് എഴുത്തുകാരി കെ.ആർ. മീര തന്റെ കത്തിൽ പറയുന്നത്.


Tags:    
News Summary - avalkoppam with the nuns campaign viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.