ആലപ്പുഴ/കോട്ടയം: സംസ്ഥാനത്ത് പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. 40000ത്തോളം പക്ഷികളെ കൊന്നൊടുക്കും. അതേസമയം വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പക്ഷികളില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇൻഫ്ലുവൻസ വൈറസുകളിലേറെയും. കേരളത്തില്‍ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ, രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപഴകുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, പക്ഷികളെ നശിപ്പിക്കാന്‍ നിയോഗിച്ചവര്‍, ഇതുമായി ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ക്ക് രോഗബാധ ഏല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഇത്തരക്കാർ പ്രതിരോധ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
കോട്ടയത്ത് 1650 താറാവുകളാണ് ഇതുവരെ ചത്തത്. ഫാമിലുള്ള 8000ത്തോളം താറാവുകളെയും കൊല്ലും. ജില്ലയിൽ പ്രതിരോധ നടപടിക്ക് 5 അംഗങ്ങളുള്ള എട്ട് ടീമുകളെ നിയോഗിച്ചുവെന്നും കലക്ടർ വ്യക്തമാക്കി. ആലപ്പുഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖകളിലാണ് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. തുടർന്ന് പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിള്‍ ഭോപാലിലെ ജന്തുരോഗ നിർണയ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ദേശാടനപ്പക്ഷികളില്‍നിന്നാണ് കേരളത്തിലേക്ക് രോഗമെത്തിയതെന്നാണ് പ്രാഥമികനിഗമനം.
നാലുവർഷത്തിനു ശേഷമാണ് കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തേ 2014ലും 2016ലും താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 2016ൽ നാശംവിതച്ച, എച്ച്5 എൻ8 വിഭാഗത്തിൽപ്പെട്ട വൈറസ് പരത്തുന്ന പക്ഷിപ്പനിയാണ് ഇത്തവണയും കുട്ടനാട് മേഖലയിൽ വ്യാപിക്കുന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.