ന്യൂഡൽഹി: നവംബർ 16നുമുമ്പായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യ ക്ഷനായ ബെഞ്ച് ബാബരി ഭൂമി കേസിൽ വിധിപറയാനിരിക്കെ മോദി സർക്കാറും സംഘ്പരിവാറും അതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. അയോധ്യ വിധിക്കു മുമ്പുള്ള അവസാനത്തെ ആകാശവാണിയിലെ ‘മൻ കീ ബാതി’ൽ രാമക്ഷേത്രത്തിന് അനുകൂലമായ അലഹബാദ് ഹൈകോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ഒാർമിപ്പിച്ചപ്പോൾ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് അടക്കമുള്ള സംഘ്പരിവാർ നേതാക്കൾ സുപ്രീംകോടതി വിധി പറയുന്നതിനുമുമ്പ് ഡൽഹിയിൽ എത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. തങ്ങൾക്ക് അനുകൂലമായ വിധിയാണ് സുപ്രീംകോടതിയിൽനിന്നുണ്ടാകുകയെന്ന പ്രതീക്ഷയിലുള്ള ആർ.എസ്.എസ് നേതൃത്വം വിധിക്കുശേഷമുള്ള തുടർനടപടി എന്തായിരിക്കണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് ഒരു ആർ.എസ്.എസ് നേതാവ് പറഞ്ഞു. കോടതി വിധി അനുകൂലമായി മാത്രമേ വരൂ എന്നാണ് കരുതുന്നത്. രാമക്ഷേത്രം ഒരു രാഷ്ട്രീയ വിഷയമല്ലെന്നും ഹിന്ദുക്കളുമായി ബന്ധപ്പെട്ട മതവിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ ആറിന് രാമേക്ഷത്രനിർമാണം തുടങ്ങുമെന്ന് ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ് പറഞ്ഞിരുന്നു. എന്നാൽ, അതുപോലെ കോടതി വിധി ഉൗഹിച്ചു പറയാൻ തങ്ങളില്ലെന്ന് ആർ.എസ്.എസ് നേതാവ് ഇതിനോട് പ്രതികരിച്ചു. സംഘർഷത്തിന് കാരണമാകുന്ന പ്രസ്താവനകൾ നടത്തരുതെന്നാണ് കേഡറുകൾക്ക് കൊടുത്ത നിർദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിനായി ബാബരി ഭൂമിയുടെ മൂന്നിൽ രണ്ട് ഒാഹരികൾ വിട്ടുകൊടുക്കുകയും മൂന്നിലൊരു ഒാഹരി മാത്രം ഉടമാവകാശരേഖകളുള്ള സുന്നി വഖഫ് ബോർഡിന് വിട്ടുകൊടുക്കണമെന്നുമായിരുന്നു അലഹബാദ് ഹൈകോടതി വിധി.
ഇത് ചോദ്യംചെയ്ത് ഉടമാവകാശമുള്ള തങ്ങൾക്ക് മുഴുവൻ ഭൂമിക്കും അർഹതയുണ്ടെന്ന് വ്യക്തമാക്കിയാണ് സുന്നി വഖഫ് ബോർഡ് അപ്പീലുമായി സുപ്രീംകോടതിയിലെത്തിയത്.
എന്നാൽ, അലഹബാദ് ഹൈകോടതി വിധിയെ ‘മൻ കീ ബാതി’ൽ പിന്തുണച്ച മോദി ആ വിധി എല്ലാവരും മാനിച്ചതാെണന്ന് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാർട്ടികളും പൗരസമൂഹവും വിധിയോട് പക്വമായ സമീപനം സ്വീകരിച്ചുെവന്നും മോദി പറഞ്ഞു. അതിനിടെ, സുപ്രീംകോടതി വിധിക്കു മുേമ്പ അയോധ്യയിലെ രാമക്ഷേത്രനിർമാണത്തെ പിന്തുണച്ച് കോൺഗ്രസ് നേതാക്കളും രംഗത്തുവന്നു. അയോധ്യയിൽ രാമക്ഷേത്രമുയർന്നുകാണണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളായ ഹരീഷ് റാവത്തും ജിതിൻ പ്രസാദയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.