കരിവെള്ളൂര്‍ (കണ്ണൂർ): കരിവെള്ളൂരില്‍ പൂരക്കളി പണിക്കരെ കളിയില്‍നിന്ന് വിലക്കിയ സംഭവത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധാഗ്നി. പണിക്കരുടെ മകന് മതംമാറി കല്യാണം കഴിച്ചതിന് മറത്തുകളിയില്നിന്ന് വിലക്കിയതായാണ് പരാതി.
സമീപത്തെ ക്ഷേത്ര കമ്മിറ്റി ഇദ്ദേഹത്തെ ഇക്കൊല്ലത്തെ പൂരോത്സവത്തിനായി നേരത്തെതന്നെ ഏൽപിച്ചിരുന്നെങ്കിലും ഇപ്പോള്‍ പകരം മറ്റൊരാളെ ഏല്പിച്ച് കളി നടത്തുകയായിരുന്നു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാല്‍, വിവാഹത്തിനുശേഷവും മുന്‍വര്‍ഷങ്ങളില്‍ പയ്യന്നൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ തടസ്സമില്ലാതെ പൂരോത്സവത്തില്‍ പങ്കെടുത്തതായും നാട്ടിലെ രണ്ട് ക്ഷേത്ര കമ്മിറ്റികളാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും പണിക്കര്‍ പറയുന്നു.
വിഷയം ചര്‍ച്ചയായതോടെ പുരോഗമന കലാസാഹിത്യ സംഘവും പ്രതിഷേധവുമായി രംഗത്തെത്തി. മകന് ഇതര മതസ്ഥയെ വിവാഹം ചെയ്തതിന്റെ പേരില്‍ ഒരു കലാകാരന് പൂരക്കളി കളിക്കാനുള്ള അവകാശം ക്ഷേത്ര കമ്മിറ്റി നിഷേധിച്ചുവെന്ന വാര്‍ത്ത അങ്ങേയറ്റം അമ്പരപ്പുളവാക്കുന്നതാണെന്ന് പു.ക.സ ഭാരവാഹികൾ പറഞ്ഞു. ബന്ധപ്പെട്ട ക്ഷേത്ര കമ്മിറ്റി ഇക്കാര്യം പുനഃപരിശോധിച്ച് അടിയന്തരമായി തിരുത്തല്‍ വരുത്തണമെന്ന് പയ്യന്നൂര്‍ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.