ബാര്‍ കോഴ കേസ് അട്ടിമറി ശ്രമം : ശങ്കര്‍ റെഡ്ഢിക്കെതിരെ അന്വേഷണം; തുടരാമെന്ന് ഹൈകോടതി

കൊച്ചി: ബാര്‍ കോഴ കേസ് അന്വേഷണത്തില്‍ അനാവശ്യമായി ഇടപെട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടറും എ.ഡി.ജി.പിയുമായ എന്‍. ശങ്കര്‍ റെഡ്ഢിക്കെതിരായ പ്രാഥമികാന്വേഷണം തുടരാമെന്ന് ഹൈകോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതി ദ്രുതപരിശോധനക്ക് ഉത്തരവിട്ടതിനെതിരെ ശങ്കര്‍ റെഡ്ഢി നല്‍കിയ ഹരജി ഭാഗികമായി തള്ളിയാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ്.
പ്രാഥമികാന്വേഷണത്തിന് നിര്‍ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ വിജിലന്‍സ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റിന്‍െറ റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങള്‍ പരാമര്‍ശിച്ച കീഴ്കോടതി നടപടി സിംഗ്ള്‍ ബെഞ്ച് റദ്ദാക്കി. ഹരജിക്കാരനെതിരായ അന്വേഷണം പ്രതികാരബുദ്ധിയോടെ നടത്തരുതെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനും വിജിലന്‍സ് ഡയറക്ടറും ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. തനിക്കെതിരായ വിജിലന്‍സ് കോടതിയിലെ പരാതി റദ്ദാക്കണമെന്നും അന്വേഷണ ഉത്തരവ് നിയമപരമല്ളെന്നും ചൂണ്ടിക്കാട്ടിയാണ് ശങ്കര്‍ റെഡ്ഢി കോടതിയെ സമീപിച്ചത്.

വിജിലന്‍സ് ഡയറക്ടര്‍ പ്രതികാരം തീര്‍ക്കാന്‍ അന്വേഷണത്തെ ദുരുപയോഗം ചെയ്യും. ഇത്തരത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ബാര്‍ കോഴ കേസിലെ കേസ് ഡയറി വിളിച്ചുവരുത്തി പരിശോധിച്ചാണ് തനിക്കെതിരായ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് കോടതിയിലെ പരാതിക്കാരന്‍ പൊലീസിനെ സമീപിക്കാതെയാണ് കോടതിയെ സമീപിച്ചത്. പരാതിക്കാരന്‍െറയും വിജിലന്‍സ് കോടതിയുടെയും നടപടികള്‍ നിയമപരമല്ളെന്നും സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ശങ്കര്‍ റെഡ്ഢി വാദിച്ചു.  പ്രാഥമികാന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ അന്വേഷണം നേരിടുന്ന വ്യക്തിക്ക് അവകാശമില്ളെന്നും കുറ്റാരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുള്ളതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നുമായിരുന്നു സര്‍ക്കാറിന്‍െറ വിശദീകരണം. പ്രാഥമികാന്വേഷണ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

സ്വകാര്യവ്യക്തിക്ക് മറ്റൊരു കേസിലെ കേസ് ഡയറി നേരിട്ട് ലഭ്യമാകാത്ത സാഹചര്യത്തില്‍ ബാര്‍ കോഴ കേസിലെ അന്വേഷണത്തില്‍ ഇടപെട്ടുവെന്ന പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കാനാണ് വിജിലന്‍സ് കോടതി ജഡ്ജി കേസ് ഡയറി പരിശോധിച്ചതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോയെന്നും പ്രാഥമികാന്വേഷണം ആവശ്യമുണ്ടോയെന്നും കണ്ടത്തൊന്‍ വിജിലന്‍സ് കോടതിക്ക് രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കാന്‍ അധികാരമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാതി പൊലീസിന്തന്നെ നല്‍കുന്നതുകൊണ്ട് ഗുണമില്ളെന്ന ധാരണയുള്ളതിനാലാണ് പരാതിക്കാരന്‍ നേരിട്ട് കോടതിയില്‍ പരാതി നല്‍കിയത്. ഈ നടപടിയില്‍ അപാകതയില്ല. മാത്രമല്ല, നേരിട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമികാന്വേഷണത്തിനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന് തന്നോട് പ്രതികാരബുദ്ധിയുണ്ടെന്ന് ഹരജിയില്‍ പറയുന്നില്ളെന്നും സിംഗ്ള്‍ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, വസ്തുതകളുടെ പിന്‍ബലമില്ലാതെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി ചവറ്റുകൊട്ടയില്‍ തള്ളേണ്ടിയിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണ ഉത്തരവില്‍ ഉള്‍പ്പെടുത്തിയ പരാമര്‍ശങ്ങള്‍ കോടതി റദ്ദാക്കിയത്.

Tags:    
News Summary - bar case,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.