തിരുവനന്തപുരം: ബാർ ലൈസൻസ് അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്ന് എക്സൈസ് ആസ്ഥാനത്ത് കൂട്ട സ്ഥലമാറ്റം. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് ഒരു ബാർഗ്രൂപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബാർ ലൈസൻസ് പുതുക്കുകയും അനുവദിക്കുകയും ചെയ്യുന്ന എക്സൈസ് ആസ്ഥാനത്തെ സി സെക്ഷനിലെ 11 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. എന്നാൽ, കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ മാറ്റിയില്ലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ബാർ ലൈസൻസ് അനുവദിക്കാനായി ഒന്നേകാൽ ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി. ഉദ്യോഗസ്ഥെൻറ പേരും കൈമാറി.
തുടർന്ന്, ഈ ഉദ്യോഗസ്ഥനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ഓഫിസിൽ വിളിച്ച് താക്കീത് ചെയ്തു. എല്ലാ ഉദ്യോഗസ്ഥർക്കും നൽകാൻ വേണ്ടിയാണ് ചോദിച്ചതെന്നും സ്ഥിരം ഏർപ്പാടാണെന്നും ഇദ്ദേഹം പറഞ്ഞതായാണ് സൂചന. തുടർന്ന് ഋഷിരാജ് സിങ്ങിനെ മന്ത്രി ഓഫിസിൽ വിളിപ്പിച്ച് ഇക്കാര്യം അന്വേഷിക്കാൻ നിർദേശിച്ചു. എക്സൈസ് വിജിലൻസ് എസ്.പി ആർ. രാമചന്ദ്രൻ നായരെ അന്വേഷണം ഏൽപിച്ചു. കഴിഞ്ഞ ദിവസം എസ്.പി റിപ്പോർട്ട് നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സാധാരണ, എക്സൈസ് ആസ്ഥാനത്ത് ഒരേ സീറ്റിൽ ഒരു വർഷം സേവനം പൂർത്തിയാക്കിയവരെ സ്ഥലം മാറ്റാറുണ്ടെന്നും അത്തരത്തിലാണ് 11 പേരെ മാറ്റിയതെന്നും ഋഷിരാജ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. എക്സൈസ് ആസ്ഥാനത്തെ മറ്റു സെക്ഷനുകളിൽ മൂന്നുവർഷം പൂർത്തിയാക്കിയവരുടെ പട്ടിക ഉടൻ കൈമാറാൻ ഋഷിരാജ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.