ബാർ കോഴ കേസ് പരിഗണിക്കുന്നതിനിടെ വിജിലൻസ് കോടതിയിൽ തർക്കം

തിരുവനന്തപുരം: കെ.എം മാണിക്കെതിരായ ബാർ കോഴ കേസ് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ തർക്കം. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി സതീശൻ കോടതിയിൽ എത്തിയതിനെതിരെ കെ.എം മാണിയുടെ അഭിഭാഷകനും വിജിലൻസ് അഭിഭാഷകനും എതിർപ്പ് അറിയിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി സതീശൻ ഹാജരായാൽ ആകാശം ഇടിഞ്ഞു വീഴുമോയെന്ന് വിജിലൻസ് കോടതി ചോദിച്ചു. കേസ് ജൂൺ ആറിലേക്ക് മാറ്റി. 

വിജിലൻസ് കോടതിയിൽ ബാർകോഴ കേസ് ഇതുവരെ കൈകാര്യം ചെയ്തിരുന്ന നിയമോപദേശകൻ സി.സി അഗസ്റ്റിൻ തന്നെയാണ് ഇന്നും കോടതിയിൽ ഹാജരായത്. അഗസ്റ്റിനെ കൂടാതെ കേസിൽ സർക്കാറിന് വേണ്ടി ഹൈകോടതിയിൽ ഹാജരായ കെ.പി സതീശൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എത്തിയിരുന്നു. ഇതിനെതിരെയാണ് അഡ്വ. അഗസ്റ്റിനും കെ.എം മാണിയുടെ അഭിഭാഷകനും രംഗത്തുവന്നത്. കേസുമായി ബന്ധമില്ലാത്ത ആൾ കോടതിയിൽ ഇരിക്കുന്നത് ശരിയല്ലെന്ന് ഇരു അഭിഭാഷകരും കോടതിയെ അറിയിച്ചു. വിജിലൻസ് ലീഗൽ അഡ്വൈസർക്ക് കാര്യങ്ങൾ ശരിയായ രീതിയിൽ അറിയാത്തത് കൊണ്ടാണ് ഇത്തരത്തിൽ പറയുന്നതെന്ന് കെ.പി സതീശൻ എഴുന്നേറ്റു നിന്ന് പറ‍ഞ്ഞു. 

ഇതോടെ വിഷയത്തിൽ ഇടപെട്ട ജഡ്ജി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഇരുന്നാൽ ആകാശം ഇടിഞ്ഞുവീഴുമോ എന്ന് ചോദിച്ചു. പ്രതിയുടെ അഭിഭാഷകനായ തങ്കൾക്ക് എങ്ങനെയാണ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഇരിക്കാൻ കഴിയില്ലെന്ന് പറയാൻ സാധിക്കുകയെന്ന് മാണിയുടെ അഭിഭാഷകനോട് ജഡ്ജി ചോദിച്ചു. കേസിൽ സർക്കാറിന് വേണ്ടി സി.സി അഗസ്റ്റിനാണോ കെ.പി സതീശനാണോ ഹാജരാകുന്നതെന്ന് വ്യക്തത വേണമെന്നും കോടതി നിർദേശിച്ചു. 

അതിനിടെ, ബാർ കോഴ കേസിൽ നിന്ന് മാണിയെ കുറ്റവിമുക്തനാക്കരുതെന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അടക്കമുള്ളവർ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളികളയണമെന്ന് ചൂണ്ടിക്കാട്ടി വി.എസിന് പുറമെ മുൻ പരാതിക്കാരായ വി. മുരളീധരൻ, ബിജു രമേശ്, അഡ്വ. നോബിൾ മാത്യു അടക്കമുള്ളവർ ഹരജി നൽകി. അതേസമയം, മുൻ പരാതിക്കാരായ കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ എന്നിവർ വിജിലൻസ് റിപ്പോർട്ടിനെതിരെ രംഗത്തു വന്നില്ല. 

കേസ് സംബന്ധിച്ച് കൂടുതൽ വാദഗതികൾ ഉന്നയിച്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ആറാഴ്ച സമയം വേണമെന്ന് വി.എസ് അടക്കമുള്ള ഹരജിക്കാരുെട ആവശ്യം കോടതി അംഗീകരിച്ചു.
 

Tags:    
News Summary - Bar Scam: Conflicts between Public Prosecutor and Vigilance Advocate in trivandrum vigilance Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.