സുൽത്താൻ ബത്തേരി: നഗരസഭ പരിധി കണ്ടെയ്ൻമെൻറ് സോണാക്കി പ്രഖ്യാപിച്ചതിനു പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ കൊമ്പുകോർക്കൽ തുടരുന്നു. നഗരസഭ ഭരണസമിതിക്കെതിരെ യു.ഡി.എഫ് വെള്ളിയാഴ്ച റിലേസമരം തുടങ്ങി. പ്രതിരോധവുമായി നഗരസഭ ചെയർമാനും രംഗത്തുണ്ട്. നഗരസഭ പരിധി മുഴുവനും ഉൾപ്പെടുന്ന രീതിയിൽ അശാസ്ത്രീയമായ കണ്ടെയ്ൻമെൻറ് സോൺ പ്രഖ്യാപനം പിൻവലിക്കണമെന്നും കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ട ചെയർമാൻ ക്വാറൻറീനിൽ പോകണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് കൗൺസിലർമാർ അനിശ്ചിതകാല റിലേ സമരം തുടങ്ങിയത്.
മുനിസിപ്പൽ ഓഫിസിനു മുന്നിലാണ് സമരം. കോവിഡ് ബാധിത പ്രദേശമായ പൂളവയലിൽനിന്ന് അര കിലോമീറ്റർ പോലുമില്ലാത്ത പ്രദേശങ്ങൾ കണ്ടെയ്മെൻറിൽ ഉൾപ്പെടുത്താതെ ഏഴു കിലോമീറ്റർ അകലെയുള്ള കൊളഗപ്പാറയും ചെതലയവുമൊക്കെ സോണിൽ ഉൾപ്പെടുത്തിയത് അശാസ്ത്രീയമാണ്. നഗരം മുഴുവൻ അടച്ചിടാനുള്ള മുനിസിപ്പൽ ചെയർമാെൻറ നിർദേശം വ്യാപാരികളെയും പൊതുസമൂഹത്തെയും ദുരിതത്തിലാഴ്ത്തിയെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. എൻ.എം. വിജയൻ സമരം ഉദ്ഘാടനം ചെയ്തു. പി.പി. അയ്യൂബ്, അഡ്വ. ആർ. രാജേഷ് കുമാർ, ബിന്ദു സുധീർ ബാബു, ബൾക്കീസ് ഷൗക്കത്ത് എന്നിവർ സംസാരിച്ചു.
അതേസമയം, യു.ഡി.എഫ് ആഗ്രഹിക്കുന്നത് തെൻറ രാഷ്ട്രീയ ക്വാറൻറീനാണെന്ന് നഗരസഭ ചെയർമാൻ ടി.എൽ. സാബു പ്രതികരിച്ചു. കോവിഡ് ബാധിച്ച അതിഥി തൊഴിലാളികളുമായി ഒരു സമ്പർക്കവുമുണ്ടാകാത്ത താൻ ക്വാറൻറീനിൽ പോകണമെന്ന് പറയുന്നതിൽ കാര്യമില്ല. രോഗം ബാധിച്ച തൊഴിലാളികൾ ടൗണിലും മറ്റും സഞ്ചരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിെൻറ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് എല്ലാ വാർഡുകളും കണ്ടെയ്ൻമെൻറ് സോണാക്കിയത്. ആരോപണങ്ങൾ ഉന്നയിച്ചുതന്നെ രാഷ്ട്രീയ ക്വാറൻറീനിലാക്കാനുള്ള യു.ഡി.എഫ് ശ്രമം ദിവാസ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.