തിരുവനന്തപുരം: അരികുചേരാത്ത നിലപാടുകൾക്കപ്പുറം മുഖം നോക്കാതെ അഭിപ്രായങ്ങൾ എഴുതിയും പറഞ്ഞുമായിരുന്നു ഭാസുരേന്ദ്ര ബാബുവിന് ശീലം. അനീതിക്കെതിരായ പോരാട്ടങ്ങളിൽ മർദിതർക്ക് ആശ്വാസവാക്കുകളുമായി ഈ മനുഷ്യൻ എന്നും മുന്നിൽ നടന്നു. സമൂഹം ഇത്രയധികം വർഗീയവത്കരിക്കപ്പെടുകയും സ്വതന്ത്ര നിലപാടുകൾ അപൂർവമാവുകയും ചെയ്യുന്ന കാലത്ത് അവകാശ നിഷേധങ്ങളിൽ ചോദ്യങ്ങളുയർത്തിയായിരുന്നു ഭാസുരേന്ദ്ര ബാബുവിന്റെ ജീവിതം.
വിശ്രമമില്ലാത്ത ‘മുതിർന്ന മാധ്യമ പ്രവർത്തകനാ’യി ടെലിവിഷൻ സ്ക്രീനുകളിലും പൊതുവേദികളിലും നിറഞ്ഞുനിന്നു. വഴിയോരങ്ങളിലെ പ്രതിഷേധ പരിപാടികളിലും സെക്രട്ടേറിയറ്റടക്കം അധികാര കേന്ദ്രങ്ങൾക്ക് മുന്നിലെ സമരപന്തലുകളിലും ഒരുമടിയും കൂടാതെ കടന്നുചെന്നു. അധികാരത്തിന്റെ അതിരുവിട്ട പ്രയോഗങ്ങൾക്കെതിരെ മൂർച്ചയുള്ള വാക്കുകളുയർത്തി. തനിക്കെതിരെ ആര് എന്ത് പറയുന്നുവെന്ന് അന്വേഷിക്കാൻ അദ്ദേഹം തയാറാറില്ല. വിമർശനങ്ങളെയും ആരോപണങ്ങളെയും അവഗണിച്ചു. വർഗീയതക്കും വിഭാഗീയതക്കും എതിരെയുള്ള എഴുത്തും പ്രസംഗവും ലക്ഷ്യത്തിൽ തറക്കുന്ന ശബ്ദം നിറച്ചതായിരുന്നു. പ്രധാനമന്ത്രി അയോധ്യയില്‍ പോയി രാമക്ഷേത്രത്തിന് ശിലയിട്ടതിനെ രൂക്ഷഭാഷയിലാണ് വിമർശിച്ചത്. ‘ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്, അദ്ദേഹം ചെയ്ത സത്യപ്രതിജ്ഞ പ്രകാരം, പ്രധാനമന്ത്രി ഇത്തരമൊരു പ്രവര്‍ത്തി ചെയ്തുകൂട’ എന്ന് ഭാസുരേന്ദ്ര ബാബു പറഞ്ഞു. ക്ഷേത്രത്തിന്റെ അടിസ്ഥാനശില താന്ത്രിക വിധിപ്രകാരം തന്ത്രിയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രിയല്ലെന്നും നിലപാട് വ്യക്തമാക്കി.
പിന്നാക്ക-ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വിവിധ അവകാശ പോരാട്ടങ്ങളുടെ വേദികളിൽ സ്ഥിരം ക്ഷണിതാവായിരുന്നു ഭാസുന്ദ്രേ ബാബു. പൗരത്വ പ്രക്ഷോഭത്തിലടക്കം ആ സാന്നിധ്യം സമരക്കാർക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. അബ്ദുന്നാസിർ മഅ്ദനി നേരിട്ട മനുഷ്യാവകാശലംഘനങ്ങളിലും സമാനമായ നിരവധി ഭരണകൂട ഭീകരതകളിലും പ്രതിഷേധമുയർത്തി. ഇനിയും നീതിപുലരാതെ പോരാട്ടമുഖങ്ങളിൽ ശേഷിക്കുന്ന മനുഷ്യർക്ക് ആശ്വസംപകരാൻ ആത്മവിശ്വാസത്തിന്റെ തണൽ ഇനിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.