കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാല് സ്ത്രീകൾ ഉൾപ്പെടെ 20 പേരിൽ നിന്നായി 23 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. കൊച്ചി കസ്റ്റംസ് പ്രിവന്‍റിവ് കമീഷണറേറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പത്ത് കോടിയിലധികം മൂല്യമുള്ള സ്വർണം പിടികൂടിയത്.
കള്ളക്കടത്ത് സ്വർണം എത്തുന്നതായ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡെസേർട്ട് സ്റ്റോം എന്ന പേരിലായിരുന്നു പ്രത്യേക പരിശോധന. പ്രിവന്‍റിവ് അഡീഷനൽ കമീഷണർ എം. വസന്തകേശൻ, അസി. കമീഷണർ പി.ജി. ലാലു എന്നിവരുടെ നേതൃത്വത്തിൽ 30 അംഗ സംഘമാണ് പരിശോധനക്കെത്തിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റിവ് ഡിവിഷനിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു. ചൊവ്വാഴ്ച രാത്രി പത്ത് മുതൽ ബുധനാഴ്ച ഉച്ചക്ക് ഒന്നു വരെയയിരുന്നു പരിശോധന.
ദുബൈ, അബൂദബി, ജിദ്ദ എന്നിവിടങ്ങളിൽനിന്ന് ഏഴ് വിമാനങ്ങളിലെത്തിയ യാത്രക്കാരിൽനിന്നാണ് സ്വർണം കണ്ടെടുത്ത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമിശ്രിതവും പിടികൂടിയവയിൽ ഉൾപ്പെടും. സ്വർണത്തിന് പുറമെ രണ്ട് കാറുകളും കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. സ്വർണം അയച്ചവരെ കണ്ടെത്താൻ കസ്റ്റംസ് അന്വേഷണം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.