തിരുവനന്തപുരം: ബിനോയ് വിശ്വം എം.പിയെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗികമായി തെരഞ്ഞെടുത്തു. സംസ്ഥാന കൗൺസിലിന്‍റേതാണ് തീരുമാനം. കാനം രാജേന്ദ്രന്‍റെ വിയോഗത്തെ തുടർന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത് ബിനോയ് വിശ്വമായിരുന്നു. സംസ്ഥാന കൗൺസിൽ ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ സെക്രട്ടറി പദവിയിലേക്ക് തെരഞ്ഞെടുത്തത്.
ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവും സെക്രട്ടറിയായി ബിനോയ് വിശ്വത്തെയാണ് നിർദേശിച്ചത്. വിഷയം ചര്‍ച്ചക്ക് എടുത്തപ്പോൾ അംഗങ്ങളാരും മറ്റ് പേരുകൾ നിർദേശിച്ചിരുന്നില്ല. നിലവിൽ രാജ്യസഭാ എം.പിയായ ബിനോയ് വിശ്വം ആറുമാസത്തിനകം കാലാവധി പൂർത്തിയാക്കും.
നേരത്തെ, ബിനോയ് വിശ്വത്തിന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകിയതിൽ കെ.ഇ. ഇസ്മയിൽ വിഭാഗം എതിർപ്പറിയിച്ചിരുന്നു. എന്നാൽ, നിലവിലെ നേതൃത്വത്തെ വെല്ലുവിളിക്കാനുള്ള ശക്തി കെ.ഇ. ഇസ്മയിൽ വിഭാഗത്തിന് ഉണ്ടായിരുന്നില്ല. കേന്ദ്ര നേതൃത്വവും ബിനോയ് വിശ്വത്തിനായി നിലപാടെടുത്തതോടെ എതിർപ്പില്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.