ജയരാജന് ബിനോയ് വിശ്വത്തിന്‍െറ മറുപടി

 

ന്യൂഡല്‍ഹി: മാവോവാദികളെ പിന്തുണക്കുന്നവര്‍ ആകാശത്ത് ജീവിക്കുന്ന സ്വപ്നജീവികളാണെന്ന സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍െറ പ്രസ്താവനക്ക് മറുപടിയുമായി സി.പി.ഐ ദേശീയ സമിതിയംഗം ബിനോയ് വിശ്വം. വിയോജിപ്പുള്ളവരെ വെടിവെച്ചു വീഴ്ത്തുന്നതിനോട് കമ്യൂണിസ്റ്റുകാര്‍ക്കു യോജിക്കാനാവില്ളെന്നും  അതുകൊണ്ട് തങ്ങള്‍ സ്വപ്നജീവികളാകുമെങ്കില്‍ ആ സ്വപ്നത്തെ തങ്ങള്‍ എന്നും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുമെന്നും ബിനോയ് വിശ്വം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

 മാവോയിസ്റ്റ്  രാഷ്ട്രീയത്തോട് സി.പി.ഐക്കുള്ള വിയോജിപ്പ് എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. വഴിതെറ്റിപ്പോയ സഖാക്കളായാണ് അവരെ സി.പി.ഐ കാണുന്നത്.  തോക്കിന്‍കുഴലല്ല; മര്‍ദിതരായ മനുഷ്യരുടെ സംഘടിത പ്രസ്ഥാനമാണ് പരിവര്‍ത്തനത്തിന്‍െറ  മാര്‍ഗമെന്ന് സി.പി.ഐ  എന്നും പറഞ്ഞുപോന്നു.  വഴിതെറ്റിപ്പോയവരെ വര്‍ഗശത്രുക്കളായി സി.പി.ഐ ഒരിക്കലും കണ്ടിട്ടില്ല. അവരുടെ നയങ്ങള്‍ തിരുത്തേണ്ടതുതന്നെയാണ്. അതിന് ആശയപരമായ പോരാട്ടമാണ് ഉചിതമായ വഴിയെന്ന് സി.പി.ഐ വിശ്വസിക്കുന്നു. 

 ചുവപ്പ് ഭീകരത  എന്ന വലതുപക്ഷ പ്രചാരവേലയോട് വര്‍ഗപരമായിത്തന്നെ വിയോജിക്കുന്നു. ഇത്തരം ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് മേധാവികളുടെ കണ്ടത്തെലുകള്‍ വെള്ളംതൊടാതെ വിഴുങ്ങേണ്ടവരല്ല ഇടതുപക്ഷക്കാര്‍. ഇവിടത്തെ പൊലീസ് മധ്യപ്രദേശിലെയോ ഛത്തിസ്ഗഢിലെയോ പോലെയാകരുത്. ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെയാണെന്ന ദുഷ്പ്രചാരണത്തിന്‍െറ മുനയൊടിക്കാന്‍ കഴിയണം. അതിനു പ്രാപ്തിയുള്ള നേതാവാണ് ഭരണത്തെ നയിക്കുന്നതെന്ന് സി.പി.ഐ വിശ്വസിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Tags:    
News Summary - binoy viswam replays jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.