പാലാ: കേരളാ കോൺഗ്രസ് എമ്മിനും നേതാവ് ജോസ് കെ. മാണിക്കും എതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവും നഗരസഭ കൗൺസിലറുമായ അഡ്വ. ബിനു പുളിക്കക്കണ്ടം. പാലായുടെ രാഷ്ട്രീയ ചരിത്രത്തിൽ കറുത്ത ദിനമായി ഈ ദിവസത്തെ രേഖപ്പെടുത്തുമെന്ന് ബിനു പറഞ്ഞു. ഇനിയുള്ള കൗൺസിൽ കാലയളവിലും രാഷ്ട്രീയ പ്രവർത്തനത്തിലും ഈ കറുപ്പിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികാര, കലുഷിത രാഷ്ട്രീയത്തിന്‍റെയും വക്താവ് നേതൃത്വം നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ചതിയുടെ ദിനമാണിതെന്ന് ജോസ് കെ. മാണിയെ പേരെടുത്ത് പറയാതെ ബിനു വ്യക്തമാക്കി. സി.പി.എമ്മിനോടുള്ള വിശ്വാസം കൊണ്ടാണ് ചതിച്ച ആളെ കുറിച്ച് പരസ്യവിമർശനത്തിന് മുതിരാത്തത്.
ആട്ടിൽ തോൽ അണിഞ്ഞ ചെന്നായ്ക്കൾ ശുഭ്ര വസ്ത്രം ധരിച്ചാണ് ഇന്ന് കൗൺസിൽ യോഗത്തിൽ കടന്നു വന്നത്. അതുകൊണ്ടാണ് ഏറെ ഇഷ്ടപ്പെട്ട വെളുത്ത നിറത്തെ വെറുക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായല്ല കറുത്ത വസ്ത്രം ധരിച്ചത്. കപ്പിനും ചുണ്ടിനും ഇടയിൽ ചില രാഷ്ട്രീയ വിജയങ്ങൾ നേടിയെന്ന് അവകാശപ്പെടുന്നവർക്ക് കാലം മറുപടി നൽകും.
ഓരോ ദിവസവും ജനമനസ്സിൽ നിന്ന് അകന്നു പോകുന്ന നേതാവാണ് അദ്ദേഹം. അണികളെ മനസ്സിലാക്കാൻ വേണ്ടിയെങ്കിലും സി.പി.എം മുന്നണിയിൽ നിൽക്കുമ്പോൾ രാഷ്ട്രീയ ചതിക്ക് അദ്ദേഹം കൂട്ടുനിൽക്കരുതായിരുന്നു.
പാർട്ടിയുടെ നേതാവ് ആരാകണമെന്ന് ആ പ്രസ്ഥാനമാണ് തീരുമാനിക്കേണ്ടത്. തെറ്റായ കീഴ്വഴക്കത്തിനാണ് പാലായിൽ തുടക്കം കുറിച്ചിട്ടുള്ളത്. ഒരു വർഷത്തിന് ശേഷം അധ്യക്ഷ പദവിയിൽ പുതിയ ആൾ വരേണ്ടതുണ്ട്. അപ്പോൾ സി.പി.എം നിർദേശിക്കുന്ന ആളാകണമെന്ന് ആവശ്യപ്പെട്ടാൽ ഇപ്പോൾ എതിർത്ത പാർട്ടി നേതാവിന് അന്ന് അനുകൂലിക്കാൻ സാധിക്കുമോ എന്നും ബിനു പുളിക്കക്കണ്ടം ചോദിച്ചു.
ഓട് പൊളിച്ചു നഗരസഭയിൽ എത്തിയ ആളല്ല താനെന്നും ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും ബിനു ചൂണ്ടിക്കാട്ടി.
നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് സ്വതന്ത്ര അംഗം ജോസിൻ ബിനോക്ക് ആശംസകൾ നേർന്ന് സംസാരിക്കവെയാണ് ജോസ് കെ. മാണിക്കെതിരെ ബിനു രൂക്ഷവിമർശനം നടത്തിയത്.
ചെയര്മാന് സ്ഥാനത്തേക്ക് പാർട്ടി ചിഹ്നത്തിൽ വിജയിച്ച ബിനു പുളിക്കക്കണ്ടത്തെയാണ് ആദ്യം സി.പി.എം പരിഗണിച്ചത്. എന്നാൽ, കേരള കോണ്‍ഗ്രസ് നേതൃത്വം ബിനുവിനെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ ആശയക്കുഴപ്പം രൂപപ്പെട്ടു. നഗരസഭ ഹാളിൽവെച്ച് കേരളാ കോൺഗ്രസ് എം അംഗം ബൈജു കൊല്ലംപറമ്പിലിനെ ബിനു പുളിക്കക്കണ്ടം മർദിച്ചതാണ് എതിർപ്പിന് കാരണം.
തങ്ങളുടെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ ആരുടെയും ശിപാർശ വേണ്ടെന്ന് സി.പി.എം വ്യക്തമാക്കിയതോടെ ഇടത് മുന്നണിയിലെ രണ്ട് പാർട്ടികൾക്കിടയിലുള്ള തർക്കമായി രൂപപ്പെട്ടു. ഇതിനിടെ സി.പി.എമ്മിലും തർക്കങ്ങൾ ഉടലെടുത്തു. ബുധനാഴ്ച വൈകീട്ട് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനായിരുന്ന ആദ്യ തീരുമാനം. എന്നാല്‍, തര്‍ക്കത്തില്‍ പരിഹാരമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ നടന്ന യോഗത്തിനൊടുവിൽ ജോസിൻ ബിനുവിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.