കൊല്ലം: സംസ്ഥാനത്തെ ജൈവ വൈവിധ്യ വിവരശേഖരണത്തിന് ഓഫിസുകളിലേക്ക് രജിസ്റ്ററുകളും രേഖകളും അന്വേഷിച്ച് പോകേണ്ട സ്ഥിതിക്ക് മാറ്റംവരുന്നു. വിദ്യാർഥികൾക്കും ഗവേഷകർക്കുമടക്കം ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള സമ്പൂർണ വിവരം ഡിജിറ്റലായി ലഭ്യമാകുന്ന സംവിധാനം ഒരുങ്ങുകയാണ്.
ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് തയാറാക്കുന്ന ‘ഇ-പി.ബി.ആർ (ഇലക്ട്രോണിക് പീപ്പിൾസ് ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ) ഉടൻ യാഥാർഥ്യമാകും.
ഇതിനായി എൻ.ഐ.സിയുടെ സഹായത്തോടെ സംസ്ഥാന ജൈവ വൈവിധ്യബോർഡ് തയാറാക്കിയ സോഫ്റ്റ്വെയർ ദേശീയ ജൈവവൈവിധ്യ അതോറിറ്റിക്ക് കൈമാറി. അതോറിറ്റിയുടെ മാർഗനിർദേശങ്ങൾകൂടി ഉൾപ്പെടുത്തി സോഫ്റ്റ്വെയർ പരിഷ്കരിച്ചശേഷം തുടർനടപടികളിലേക്ക് കടക്കും.
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജൈവ വൈവിധ്യ പരിപാലനത്തിനായി ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികൾ (ബി.എം.സി) പ്രവർത്തിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽവരുന്ന ജൈവവൈവിധ്യ സംരക്ഷണം, ജൈവവിഭവങ്ങളുടെ സുസ്ഥിരോപയോഗം എന്നിവ ഉറപ്പാക്കൽ ബി.എം.സികളുടെ ചുമതലയാണ്.
ജൈവ വൈവിധ്യ രജിസ്റ്റർ (പി.ബി.ആർ) പുതുക്കലും ബി.എം.സികളുടെ ഉത്തരവാദിത്തത്തിൽ വരുന്നു. കാലാനുസൃതമായ പി.ബി.ആറുകൾ നവീകരിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. പി.ബി.ആർ നവീകരണത്തിനുള്ള സാങ്കേതിക മാർഗനിർദേശവും സഹായവും ജൈവ വൈവിധ്യ ബോർഡാണ് ലഭ്യമാക്കുന്നത്.
നിലവിലെ പി.ബി.ആറുകൾ പരിഷ്കരിച്ച ശേഷമാവും ഇ-പി.ബി.ആർ സംവിധാനത്തിലേക്ക് അപ്ഡേറ്റ് ചെയ്യുക. ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി തദ്ദേശസ്ഥാപനങ്ങളിലും മറ്റും പോകേണ്ട അവസ്ഥക്ക് ഇ-പി.ബി.ആർ വരുന്നതോടെ പരിഹാരമാവുമെന്ന് സംസ്ഥാന ബോർഡ് ചെയർമാൻ ഡോ.സി. ജോർജ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
പി.ബി.ആറുകൾ ഡിജിറ്റലൈസ് ചെയ്യാനുള്ള മേൽനോട്ടവും അതാത് ബി.എം.സികൾക്കായിരിക്കും. ഇ-പി.ബി.ആറുമായി ബന്ധപ്പെട്ട ആദ്യഘട്ട പരിശീലനം ഇതിനകം നടത്തിയിരുന്നു. തുടർനടപടികൾ വേഗത്തിലാക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന ജൈവവൈവിധ്യബോർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.