ആലപ്പുഴ/കോട്ടയം: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ, കോട്ടയം ജില്ലകളിൽ താറാവുകൾ അടക്കം വളർത്തുപക്ഷികളെ കൊന്നുനശിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു. രണ്ട് ജില്ലകളിലുമായി ആദ്യ ദിവസം 23830 പക്ഷികളെയാണ് കൊന്നത്. ആലപ്പുഴയിൽ 20330ഉം കോട്ടയത്ത് 3500ഉം താറാവുകളെയും മറ്റ് വളർത്തുപക്ഷികളെയും കൊന്നു കത്തിച്ചു. ആലപ്പുഴയിലെ നെടുമുടി പഞ്ചായത്തിൽ 7088ഉം പള്ളിപ്പാട് 2806ഉം തകഴിയിൽ 6236ഉം കരുവാറ്റയിൽ 4200 ഉം പക്ഷികളെയാണ് കൊന്നത്.
ആലപ്പുഴയിൽ മൂന്ന് ദിവസംകൊണ്ട് 34,602 താറാവുകളെയാണ് കൊല്ലുന്നത്. കോട്ടയത്തെ നീണ്ടൂരിൽ ആദ്യദിവസം താറാവുകൾ അടക്കം 3500 വളർത്തുപക്ഷികളെ കൊന്നു. ഇവിടെ 11,500 പക്ഷികളെ കൊല്ലണമെന്നാണ് വകുപ്പിെൻറ കണക്ക്. ആലപ്പുഴയിൽ ഒമ്പതും കോട്ടയത്തും എട്ടും ദ്രുതപ്രതികരണ സംഘമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. താറാവുകളെ കൊന്നശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിതസ്ഥലങ്ങളില്‍ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായ ശേഷം ദ്രുത പ്രതികരണ സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും.
നീണ്ടൂരിലെ ഫാമിലെ താറാവുകളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് ദ്രുതകർമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ കൊന്നൊടുക്കിയത്. പാടശേഖരത്തിനു നടുവിലായി കുഴിയെടുത്ത ശേഷം താറാവുകളെ ചാക്കുകളിലാക്കി ഈ കുഴിയിൽ തള്ളി തീകൊളുത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 3100 താറാവിന് കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ 400 വളര്‍ത്തുപക്ഷികളെയുമാണ് ചൊവ്വാഴ്ച ദ്രുതകര്‍മ സേന കൊന്നത്.
രണ്ടുദിവസം കൂടി നടപടികൾ തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. നീണ്ടൂരിലെ ഫാമിൽ 8000 താറാവുകളാണുണ്ടായിരുന്നത്. ഇതിൽ 2720 എണ്ണം ചത്തതായാണ് വകുപ്പിെൻറ കണക്ക്. അവശേഷിക്കുന്നവയെയാണ് കൊല്ലുന്നത്. ഒപ്പം ഒരുകിലോമീറ്റർ ചുറ്റളവിലുള്ള താറാവ്, കോഴി എന്നിവയെയും കൊന്നൊടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.