കോട്ടയം: ബിഷപ് ഫ്രാങ്കോ കേസിൽ പരാതിക്കാരി വസ്തുതകൾ മറച്ചുവെക്കാൻ ശ്രമിച്ചതായി വിധിപ്പകർപ്പ്. നെല്ലും പതിരും വേർതിരിക്കൽ അസാധ്യമായിരുന്നു. കൂടെയുണ്ടായിരുന്നവരോടുപോലും തുടക്കത്തിൽ അവർ പറഞ്ഞില്ല. മറ്റുള്ളവരുടെ സ്വാർഥതാൽപര്യങ്ങൾ പരാതിക്കാരിയെ സ്വാധീനിച്ചു. കന്യാസ്ത്രീ മഠത്തിലെ അധികാര തർക്കവും കേസിനു പിന്നിലുണ്ട്. ഇരയുടെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിൽ വാർത്തെടുത്തതാണ് ബലാത്സംഗക്കേസ്. 13 തവണ പീഡനത്തിനിരയായ ഇരയുടെ മൊഴി വൈരുധ്യങ്ങൾ നിറഞ്ഞതാണ്.
കേസിൽ നിർണായകമായ പല വസ്തുതകളും മറച്ചുവെക്കപ്പെട്ടു. പീഡനസംഭവങ്ങളെക്കുറിച്ച മൊഴി പലരോടും പലതരത്തിലാണ് പറഞ്ഞത്. മൊഴികളിൽ ബാഹ്യഇടപെടലുകളും നിക്ഷിപ്ത താല്പര്യങ്ങളും പ്രകടമായിരുന്നു. ഇരയും പ്രതിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ തെളിവുകളും വിചാരണവേളയിൽ പുറത്തുവന്നു. ബിഷപ്പിന്റെ മൊബൈൽ ഫോൺ സന്ദേശങ്ങളിൽ നിറഞ്ഞുനിന്നത് സ്നേഹവും കരുതലും ആയിരുന്നു. അവക്ക് ഭീഷണി സ്വരം ഇല്ലായിരുന്നു. കേസ് അന്വേഷണത്തിലും ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കോടതി കണ്ടെത്തി.
ബിഷപ് അശ്ലീലസന്ദേശങ്ങളയച്ചെന്ന് പറയുന്ന ഇരയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിട്ടില്ല. ഫോണും സിം കാർഡും ആക്രിക്കാരന് വിറ്റു എന്നാണ് പറഞ്ഞത്. അത് കണ്ടെടുക്കാൻ ശ്രമം ഉണ്ടായില്ല. അതിനു മതിയായ കാരണങ്ങളും ഇല്ല. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിനു ഉപോദ്ബലകമായ വസ്തുതകൾ തെളിയിക്കാൻ കഴിഞ്ഞില്ല. സന്ദേശങ്ങൾ ലാപ്ടോപ്പിലേക്ക് മാറ്റിയെങ്കിലും ഇതിന്റെ ഹാർഡ് ഡിസ്ക് കേടുവന്നതിനാൽ സന്ദേശങ്ങൾ വീണ്ടെടുക്കാൻ ആയില്ലെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്. ബിഷപിന്റെ ലാപ്ടോപ് ശാസ്ത്രീയ പരിശോധന നടത്താനും പൊലീസ് മെനക്കെട്ടില്ല. കേസ് രജിസ്റ്റർ ചെയ്ത ഉടൻ ഇവർ പൊലീസിനോടും വൈദ്യപരിശോധന വേളയിൽ ഡോക്ടറോടും പീഡനത്തിന്ഇരയായതായി പറഞ്ഞിട്ടില്ലെന്നും വിചാരണക്കോടതി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.