കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ പത്രിക പിൻവലിക്കാൻ കോഴയും മൊബൈൽ ഫോണും നൽകിയെന്ന കെ. സുന്ദരയുടെ ആരോപണങ്ങൾ ശരിവെച്ച് തൊണ്ടിമുതലിെൻറ കാര്യത്തിൽ വ്യക്തത. രണ്ടര ലക്ഷം രൂപയുടെയും മൊബൈൽ ഫോണിെൻറയും കാര്യത്തിൽ സുന്ദര നൽകിയ മൊഴി ശരിവെക്കുന്ന വിധമാണ് അന്വേഷണത്തിെൻറ ഗതി. മൊബൈൽ ഫോൺ കടയിൽ നടത്തിയ പരിശോധനയിൽ പുതിയ സ്മാർട്ട് ഫോൺ ലഭിച്ചെന്ന് തെളിഞ്ഞു. രണ്ടര ലക്ഷം രൂപയിൽ ഒരുലക്ഷം സുഹൃത്തിെൻറ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും സൂചന ലഭിച്ചു. ബാക്കി ഒന്നര ലക്ഷം ചെലവഴിച്ചെന്നാണ് സുന്ദര നൽകിയ മൊഴിയെങ്കിലും ഇക്കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസം ബാങ്ക് രേഖകൾ പരിശോധിക്കും.
പണവും മൊബൈൽ ഫോണും നൽകിയത് മൂന്നു ദൂതൻമാർ വഴിയാണെന്നാണ് സുന്ദര നൽകിയ ആദ്യമൊഴി. മൂന്നംഗ സംഘത്തിലൊരാളും യുവമോർച്ച സംസ്ഥാന ട്രഷററുമായിരുന്ന സുനിൽനായിക് തന്നെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതിനാൽ അക്കാര്യത്തിൽ സംശയമൊന്നുമില്ല. മൂന്നുപേർ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് പത്രിക പിൻവലിച്ചതെന്നും സുന്ദര മൊഴി നൽകിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സ്ഥലങ്ങളിൽ തെളിവെടുപ്പിന് സുന്ദരയെ അടുത്ത ദിവസം കൊണ്ടുപോകുമെന്നാണ് വിവരം.
സുന്ദരയുടെ വെളിപ്പെടുത്തലും മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥി വി.വി. രമേശെൻറ പരാതിയും കണക്കിലെടുത്താണ് കോടതി അനുമതിയോടെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തത്. തട്ടിക്കൊണ്ടുപോയവർക്കെതിരെ കേസെടുക്കുന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. പൊലീസ് വേട്ടയാടുന്നുവെന്ന് ബി.ജെ.പി പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ അതീവ സൂക്ഷ്മതയോടെയാണ് കരുക്കൾ നീക്കുന്നത്. അതിനിടെ, കാസർകോട് മണ്ഡലത്തിലും വൻതോതിൽ പണം നൽകിയെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകി. വോട്ട് ചെയ്യാതിരിക്കാൻ യു.ഡി.എഫ് കേന്ദ്രങ്ങളിൽ വ്യാപകമായി പണം നൽകിയെന്നാണ് പരാതി. ഇക്കാര്യം അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.