തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ അഫ്സ്പ (സായുധസേന പ്രത്യേകാധികാര നിയമം) ഏർപ്പെടുത്തണമെന്ന് ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. സംഭവത്തിൽ ഗവർണർ ഇടപെടണമെന്ന് ഒ. രാജഗോപാൽ എം.എൽ.എ ആവശ്യപ്പെട്ടു.
കണ്ണൂരിൽ അക്രമങ്ങൾ ആവർത്തിക്കില്ലെന്ന് സമാധാന ചർച്ചകളിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയതാണ്. ഈ ഉറപ്പ് സി.പി.എം അട്ടിമറിച്ചു. കണ്ണൂരിലെ പാർട്ടി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാക്കുകൾ വകവെക്കുന്നില്ല. ഈ സാഹചര്യത്തിൽ അക്രമങ്ങൾക്കു തടയിടാൻ മണിപ്പൂരിൽ നടപ്പാക്കിയ അഫ്സ്പ ഏർപ്പെടുത്താൻ ഗവർണർ അധികാരമുപയോഗിക്കണമെന്നും രാജഗോപാൽ അഭ്യർഥിച്ചു.
കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകരെ സി.പി.എമ്മുകാർ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സമാധാനപരമായി പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ് കണ്ണൂരിലുള്ളത്. ആർ.എസ്.എസ് പ്രവർത്തകൻ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ടതായി കാണാനാകില്ല. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം കണ്ണൂരിൽ 14 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. അതിൽ 13 തവണയും ജീവൻ നഷ്ടമായത് ബി.ജെ.പി പ്രവർത്തകർക്കാണെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച പയ്യന്നൂരില്‍ ആർ.എസ്.എസ് കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കണ്ണൂരില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.