കൊച്ചി: തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനെതിരായ ഹരജിയിൽ ഇടപെടാനാവില്ലെന്ന് ഹൈകോടതി. ഇതോടെ മൂന്നുമണ്ഡലങ്ങളിലും എൻ.ഡി.എക്ക് സ്ഥാനാർഥികളില്ല.
തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനമാണ് അന്തിമമെന്ന് കോടതി വ്യക്തമാക്കി. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കോടതിയെ സമീപിക്കാനാകൂ.
നാമനിർദേശ പത്രികയിലെ അപാകത ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർഥികളായ മഹിള മോർച്ച സംസ്ഥാന പ്രസിഡന്‍റ് നിവേദിത സുബ്രഹ്മണ്യൻ (ഗുരുവായൂർ), ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡന്‍റ് എൻ. ഹരിദാസ് (തലശ്ശേരി), ധനലക്ഷ്മി (ദേവികുളം -എ.ഐ.എ.ഡി.എം.കെ) എന്നിവരുടെ പത്രിക തള്ളിയത്. ഇതിനെതിരെ കഴിഞ്ഞ ദിവസമാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്.
ചിഹ്നം അനുവദിക്കാൻ സംസ്ഥാന പ്രസിഡന്‍റിനെ ചുമതലപ്പെടുത്തുന്ന ദേശീയ പ്രസിഡൻറ് ഒപ്പിട്ട ഫോം എ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക വരണാധികാരി കരുതിക്കൂട്ടി തള്ളുകയായിരുന്നെന്നാണ് എൻ. ഹരിദാസിന്‍റെ ആരോപണം.
ഫോം എയും ബിയും പത്രികക്ക് ഒപ്പം നൽകിയിരുന്നു. എന്നാൽ ഫോം എയിൽ ഒപ്പിട്ടില്ല എന്ന അപാകത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരുത്തുന്നതിനായി മാർച്ച് 19 ന് അത് മടക്കി നൽകാൻ വരണാധികാരിയോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പത്രിക സൂക്ഷ്മ പരിശോധന നടത്തുന്ന 20 ന് ദേശീയ പ്രസിഡന്‍റ് ഒപ്പിട്ട ഫോം എ പത്രികക്ക് ഒപ്പം നൽകിയെങ്കിലും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിൽ പത്രികക്ക് ഒപ്പം നൽകിയ ഫോം എ സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും പത്രിക സ്വീകരിക്കാൻ നിർദേശിക്കുകയും മത്സരിക്കാൻ അനുവദിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹൈകോടതിയെ സമീപിച്ചത്.
നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന ഫോം ബിയിൽ സംസ്ഥാന പ്രസിഡൻറിന്‍റെ ഒപ്പില്ല എന്ന കാരണത്താലാണ് തന്‍റെ പത്രിക തള്ളിയതെന്ന് ഗുരുവായൂർ സ്ഥാനാർഥിയായ മഹിള മോർച്ച സംസ്ഥാന പ്രസിഡന്‍റ് നിവേദിത സുബ്രഹ്മണ്യന്‍റെ ഹരജിയിൽ പറയുന്നു.
എന്നാൽ എ, ബി ഫോമുകളിൽ ഒപ്പിടാത്തത് പത്രിക തള്ളാൻ കാരണമല്ല. ഈ സാഹചര്യത്തിൽ വരണാധികാരി ഏകപക്ഷീയവും സ്വേഛാപരവും ശരിയല്ലാത്തതുമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. അതിനാൽ, വരണാധികാരിയുടെ ഉത്തരവ് റദ്ദാക്കണമെന്നും പത്രിക സ്വീകരിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.