പടന്ന (കാസർകോട്): ചെന്നിത്തലയുടെ നുണയന്ത്രം റീ ചാർജ് ചെയ്യുന്നത് ബി.ജെ.പിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അഗം വൃന്ദ കാരാട്ട്. ഉദിനൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാവിലെ ഉണർന്നാൽ വീട്ടിലെ നുണയന്ത്രത്തിൽനിന്നും നുണ ഉൽപ്പാദിപ്പിച്ച് പ്രചരിപ്പിക്കുകയാണ് ചെന്നിത്തല. എന്നാൽ, ആ നുണകൾക്കെല്ലാം നിമിഷ നേരങ്ങളുടെ ആയുസ്സ് മാത്രമാണുള്ളത്.
വികസനമില്ല എന്നാണ് യു.ഡി.എഫും ബി.ജെ.പി.യും പറഞ്ഞുകൊണ്ടിരിക്കുന്നത്. അവർ ചെയ്യേണ്ടത് ഒരു വാഹനത്തിൽ കയറി കേരളത്തിലെ സ്കൂൾ, ആരോഗ്യസ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂർ പോയി അവയൊക്കെ ഒന്ന് സന്ദർശിക്കണം. അപ്പോഴറിയാം കേരളത്തിന്‍റെ മാറ്റം. ഇന്ത്യയിലെ കോൺഗ്രസിന്‍റെ അവസ്ഥ ഉപ്പുവെച്ച കലം പോലെയായി.
കേരളത്തിലെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസനം ലോക പ്രശംസ പിടിച്ച് പറ്റിയതാണ്. ഇങ്ങനെ ഒരു വികസനം കോൺഗ്രസോ ബി.ജെ.പിയോ ഭരിക്കുന്ന സംസ്ഥാനത്ത് കാണാൻ പറ്റില്ല. കേരളത്തിൽ ഇപ്പോൾ അലയടിക്കുന്നത് ഒറ്റ മുദ്രാവാക്യം ഉറപ്പാണ് എൽ.ഡി.എഫ്, ഉറപ്പാണ് പിണറായി വിജയൻ എന്ന് മാത്രമാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
വി.കെ. ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ, സ്ഥാനാർഥി എം. രാജഗോപാലൻ, വി. വി. കൃഷ‌്ണൻ, സാബു എബ്രഹാം, പി. ജനാർദനൻ, പി.സി. ഗോപാലകൃഷ‌്ണൻ, കെ. സുധാകരൻ എന്നിവർ സംസാരിച്ചു. സി. കുഞ്ഞികൃഷ‌്ണൻ സ്വാഗതം പറഞ്ഞു. രാഷ‌്ട്രീയ പൂരക്കളി, തിരുവാതിര, തെരുവുനാടങ്ങൾ, ഫ‌്ളാഷ‌്മോബ‌് എന്നീ കലാപരിപാടികളും അരങ്ങേറി.
കാഞ്ഞങ്ങാട്: നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ വാളയാറിലെ അമ്മയോടൊപ്പമാണ് സി.പി.എമ്മെന്ന് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കാഞ്ഞങ്ങാട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
അമ്മക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. എന്നും കുടുംബത്തിെൻറ കൂടെയുണ്ടാകും. ധർമടത്ത് സ്ഥാനാർഥിയായി നിൽക്കുന്നത് അവരുടെ രാഷ‌്ട്രീയ തീരുമാനമാണ്. പ്രതിപക്ഷം സർക്കാറിനെതിരെ എന്തു പ്രചാരണം നടത്തിയാലും എൽ.ഡി.എഫ് വിണ്ടും അധികാരത്തിൽ വരും. റേഷൻ കടകളിൽപോയി ഭക്ഷ്യസുരക്ഷയെക്കുറിച്ച് നരേന്ദ്ര മോദി അന്വേഷിക്കണം. ഭക്ഷണക്കിറ്റുകളെ കുറിച്ചും. റിലയൻസിെൻറ ബ്രാൻഡ് അംബാസഡറാണ് മോദി. ഭരണത്തുടർച്ച കിട്ടിയാൽ കേരളം നശിക്കുമെന്ന് എ.കെ.ആൻറണി പറഞ്ഞത് എന്തിനാണെന്ന് എനിക്കറിയില്ല. ഗുരുവായൂരിൽ ലീഗിെൻറ സ്ഥാനാർഥിക്ക് വോട്ട് നൽകണമെന്ന് സുരേഷ് ഗോപി പറയുന്നത് എന്തുകൊണ്ടാണെന്നും വൃന്ദ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.