ലാവലിൻ കേസ്: അഴിമതി നടന്നതായി ഹൈകോടതി കണ്ടെത്തി- കുമ്മനം

തിരുവനന്തപുരം: ലാവലിൻ കേസിൽ അഴിമതി നടന്നതായി ഹൈകോടതി കണ്ടെത്തിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ. എന്നാൽ, അത് ഉദ്യോഗസ്ഥർ മാത്രം ചെയ്ത അഴിമതിയായി കാണാനാവില്ല. അഴിമതി കേസുകളിൽ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈകോടതി നടപടി സാങ്കേതികം മാത്രമാണ്. ധാർമികമായ ഉത്തരവാദിത്തം അന്നത്തെ മന്ത്രിയെന്ന നിലയിൽ പിണറായിക്കാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി. 

ലാവ‌ലിൻ ഇടപാടിലെ അഴിമതി സംബന്ധിച്ച് കോടതിയിൽ വാദം നടന്നിട്ടില്ല. പിണറായിയെ വെറുതെവിട്ട കീഴ്കോടതി നടപടി മാത്രമാണ് ഹൈകോടതി പരിശോധിച്ചത്. കേസ് സംബന്ധിച്ച രേഖകൾ ഹാജരാക്കിയുള്ള വിശദമായ വാദം നടന്നിട്ടില്ല. അതിനാൽ സി.ബി.ഐ അപ്പീൽ നൽകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കേസ് പ്രാഥമിക ഘട്ടത്തിൽ തന്നെ അട്ടിമറിച്ച കോൺഗ്രസ് സർക്കാരാണ് പിണറായിയെ രക്ഷപ്പെടാൻ അനുവദിച്ചത്. മുൻ വൈദ്യുത മന്ത്രിമാരായിരുന്ന ജി. കാർത്തികേയൻ, കടവൂർ ശിവദാസൻ എന്നിവരെ രക്ഷിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങളാണ് പിണറായിക്കും തുണയായത്. ഇപ്പോൾ ഹൈകോടതിയെ പ്രകീർത്തിക്കുന്ന സി.പി.എം, ലാവലിൻ കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ട ജസ്റ്റിസ് വി.കെ. ബാലിയോട് സ്വീകരിച്ച നിലപാട് എന്താണെന്ന് കേരളം കണ്ടതാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - BJP State President Kummanam Rajasekharan React to Lavalin Case Verdict -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.