ജിന്ന് ചികിത്സക്കിടെ പൊള്ളലേറ്റ യുവതി മരിച്ചു 

നാദാപുരം(കോഴിക്കോട്): ജിന്ന് ചികിത്സക്കിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീന (29) ആണ് മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ഷമീന ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്​സയിലിരിക്കെയാണ്​ മരിച്ചത്​. ജിന്ന് ചികിത്സ നടത്തിയ കുറ്റ്യാടി അടുക്കത്ത് കൂവോട്ട്പൊയില്‍ നജ്മയെ (35) നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതക ശ്രമം, ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തത്. 

കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് വെള്ളയില്‍ പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീനക്ക് ജിന്ന് ചികിത്സക്കിടെ പെട്രോളില്‍നിന്ന് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റത്. യുവതി ഗുരുതരാവസ്ഥയിലായ യുവതി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.   തീപിടിത്തമുണ്ടായ ഉടന്‍ അടുക്കളയിലും മറ്റുമുണ്ടായിരുന്ന വെള്ളം യുവതിയുടെ ദേഹത്തൊഴിച്ചാണ് തീ കെടുത്തിയതെന്ന് നജ്മ പൊലീസിനോട് പറഞ്ഞു. പൊള്ളലേറ്റ ഷമീനയെ ആശുപത്രിയില്‍ കൊണ്ട് പോയതിനുശേഷം തീപിടിത്തമുണ്ടായ മുറി പൂര്‍ണമായി കഴുകി വൃത്തിയാക്കുകയും മുറിയിലെ ചുമരുകള്‍ വെള്ളപൂശുകയും ചെയ്തിരുന്നു. ദേഹത്തുണ്ടായിരുന്ന കത്തിയ വസ്ത്രങ്ങള്‍ നീക്കംചെയ്ത ശേഷം വീടിന്‍െറ പിന്‍ഭാഗത്തെ പറമ്പിലിട്ട് കത്തിക്കുകയും ചെയ്തു. 

ചൊവ്വാഴ്ച ഉച്ചയോടെ പ്രതിയെ വീട്ടിലത്തെിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കര്‍മത്തിനുപയോഗിച്ച സാധന സാമഗ്രികളും ചികിത്സക്കിടെ യുവതിയെ ഇരുത്തിയ കത്തിയ കസേരയും വസ്ത്രങ്ങളുടെ കത്തിയ അവശിഷ്ടങ്ങളും മന്ത്രവാദിനിയുടെ വീട്ടില്‍നിന്ന് പൊലീസ് പരിശോധനക്കിടെ കണ്ടത്തെുകയും ചെയ്തു.

വിവാഹബന്ധം വേര്‍പെടുത്തിയ ഷമീനക്ക് രണ്ടാം വിവാഹം നടക്കുന്നത് വൈകിയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ക്കൊപ്പം യുവതി നജ്മയുടെ അടുത്തെത്തിയത്. മാഹിയിലെ ബന്ധുക്കള്‍ വഴിയാണ് ജിന്ന് ചികിത്സയെക്കുറിച്ച് ഷമീനയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ഉച്ചക്ക് രണ്ടരയോടെ പുറമേരിയിലത്തെിയ ഇവര്‍ക്ക് ജിന്ന് ചികിത്സക്കാവശ്യമായ സാധനങ്ങള്‍ നജ്മ കുറിച്ചുനല്‍കി. ഇതുപ്രകാരം പുറമേരി ടൗണിലെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി. എന്നാല്‍, നജ്മ ആവശ്യപ്പെട്ട മണ്ണെണ്ണ ലഭിച്ചില്ല. തിരിച്ച് വീട്ടിലത്തെിയവരോട് പകരം പെട്രോള്‍ വാങ്ങിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കക്കംവെള്ളിയിലെ പെട്രോള്‍ പമ്പില്‍നിന്ന് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങി നജ്മക്ക് നല്‍കി. വീടിനകത്ത് ഇടുങ്ങിയ ഇരുട്ടുമുറിയില്‍ ഷമീനയെ പ്ളാസ്റ്റിക് കസേരയിലിരുത്തി മുന്‍വശത്ത് മണ്‍ചട്ടിയില്‍ പാലമരത്തിന്‍െറ ഇലകളും അറബി വാക്കുകള്‍ എഴുതിയ കോഴിമുട്ടയുംവെച്ച് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.

ഇതിനിടെ, മണ്‍ചട്ടിയില്‍നിന്ന് തീ പുറത്തുണ്ടായിരുന്ന കുപ്പിയിലേക്കും ഷമീനയുടെ ദേഹത്തേക്കും ആളിപ്പടരുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ഷമീനയെ വീട്ടിനകത്തെ കുളിമുറിയിലത്തെിച്ച് ശരീരത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍ നീക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഗ്യാസ് സ്റ്റൗവില്‍നിന്ന് തീ പടര്‍ന്നെന്നാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ ആദ്യം പറഞ്ഞത്. നേരത്തേ നജ്മ കുറ്റ്യാടി ദേവര്‍കോവില്‍, മരുതോങ്കര വേട്ടോറ, പാലേരി കന്നാട്ടി എന്നിവിടങ്ങളില്‍ സമാനരീതിയിലുള്ള മന്ത്രവാദ ചികിത്സ നടത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇവിടെനിന്നെല്ലാം ഒഴിഞ്ഞുപോവുകയായിരുന്നു. 

Tags:    
News Summary - black magic, women dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.