തൃശൂർ: സൗദിയിൽ വധശിക്ഷക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാകാൻ വേണ്ടത് 34 കോടി രൂപ. ഈ മാസം 16നുമുമ്പ് ഇത്രയും തുക മോചനദ്രവ്യം നൽകിയെങ്കിൽ മാത്രമേ അബ്ദുൽ റഹീമിന് നാടണയാനാകൂ.
പണം സമാഹരിക്കാൻ ‘യാചകയാത്ര’ക്കൊരുങ്ങുകയാണ് സാമൂഹികപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ ബോബി ചെമ്മണൂർ എന്ന ബോച്ചെ. അബ്ദുൽ റഹീമിന് ആവശ്യമായ മോചനദ്രവ്യം സ്വരൂപിക്കാൻ തിങ്കളാഴ്ച മുതൽ ‘യാചകയാത്ര’ നടത്തുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തുനിന്നാണ് യാത്ര തുടങ്ങുക.
എല്ലാ ജില്ലകളിലും പര്യടനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കോളജുകൾ, തെരുവുകൾ എന്നിവിടങ്ങളിൽ പൊതുജനങ്ങളിൽനിന്ന് സഹായം തേടും. ഇതിനകം അബ്ദുൽ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഒന്നര കോടി രൂപ സ്വരൂപിച്ചുനൽകാനായെന്നും ബോബി ചെമ്മണൂർ പറഞ്ഞു. സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അബ്ദുൽ റഹീം. സൗദി സ്വദേശിയുടെ ഭിന്നശേഷിക്കാരനായ കുട്ടിയെ പരിചരിക്കുന്നതിനിടെ മനഃപൂർവമല്ലാത്ത കാരണത്താൽ കുട്ടി മരിച്ചതിനെതുടർന്നാണ് അബ്ദുൽ റഹീം വധശിക്ഷ വിധിക്കപ്പെട്ട് ജയിലിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.