കൊല്ലങ്കോട്: കൈക്കൂലി കേസിൽ അറസ്റ്റിലായ പഞ്ചായത്ത് സെക്രട്ടറിയെ കഠിനതടവിന് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചു. 2007ൽ കൊല്ലങ്കോട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അബ്ദുൽ ഹക്കീമിനെയാണ് മൂന്നുവർഷം വീതം കഠിനതടവിന് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. ഒരുലക്ഷം രൂപ പിഴയും ഇതിനുപുറമേ അടക്കാൻ വിജിലൻസ് കോടതി വിധിച്ചു.
പഞ്ചായത്ത് സെക്രട്ടറിയായിരിക്കുന്ന സമയത്ത് അബ്ദുൽ ഹക്കീം, പ്രകാശൻ എന്നയാളുടെ മെഡിക്കൽ സെന്റർ എന്ന സ്ഥാപനത്തിന് ബിൽഡിങ് നമ്പർ ലഭിക്കാനായി സമർപ്പിച്ച പ്ലാൻ അംഗീകരിച്ച നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്. പരാതിക്കാരനോട് നേരത്തേ വാങ്ങിയ 6000 രൂപക്ക് പുറമെയായിരുന്നു വീണ്ടും പതിനായിരം രൂപ ചോദിച്ചത്.
തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട പ്രകാശൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൈസ നൽകുകയും ഉടൻതന്നെ വിജിലൻസ് അധികൃതങ്ങൾ തെളിവുസഹിതം പിടികൂടുകയാണുണ്ടായത്. തൃശൂർ ഡിവൈ.എസ്.പി സഫിയുല്ല സെയ്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുൽ ഹക്കീമിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് പാലക്കാട് ഡിവൈ.എസ്.പി സതീശൻ അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
സർവിസിലുള്ള സമയത്ത് ഇയാൾക്കെതിരെ വേറെയും കേസുകൾ ഉണ്ടായതായി വിജിലൻസ് പറഞ്ഞു. രണ്ട് വകുപ്പുകളിലായിട്ടാണ് മൂന്നുവർഷം വീതം കഠിനതടവും പിഴയും ശിക്ഷ വിധിച്ചത്. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് തൃശൂർ വിജിലൻസ് കോടതി ജഡ്ജി അനിലിന്റെ ഉത്തരവിൽ പറയുന്നു. തുക അടക്കാത്ത പക്ഷം ഒരുവർഷം അധിക കഠിന തടവ് അനുഭവിക്കേണ്ടിവരും. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സ്റ്റാലിൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.