ജഡ്ജിമാരുടെ പേരിൽ കൈക്കൂലി: അഭിഭാഷകൻ സൈബി ജോസിനെതിരെ ഇ.ഡി അന്വേഷണം

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം. ക്രൈംബ്രാഞ്ചിൽനിന്ന് കേസ് സംബന്ധിച്ച വിവരങ്ങൾ തേടിയിട്ടുണ്ട്. ജഡ്ജിമാരുടെ പേരിൽ 77 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു സൈബി ജോസിനെതിരായ പരാതി.

കേസിൽ പ്രത്യേക സംഘം രൂപവത്കരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുകയാണ്. കോഴയുടെ മറവിൽ നടന്ന കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. കേസിലെ പരാതിക്കാരനോട് കൊച്ചി ഓഫിസിൽ നേരിട്ട് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. പരാതിക്കാരൻ ചൊവ്വാഴ്ച ഹാജരാകുമെന്നാണ് വിവരം.

സംഭവത്തിൽ ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റായിരുന്ന സൈബി ജോസിനെതിരെ ജനുവരി 31നാണ് കേസെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കേസിൽ അന്വേഷണം വേഗം പൂർത്തിയാക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി ജോസ് നൽകിയ ഹരജിയിലാണ് ഹൈകോടതി നിർദേശമുണ്ടായത്. ഇന്ത്യൻ ശിക്ഷാ നിയമം, അഴിമതി നിരോധന നിയമം തുടങ്ങിയവ പ്രകാരമുള്ള കുറ്റങ്ങളാണ് സൈബിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Tags:    
News Summary - Bribery in the name of judges: ED probes Advocate Saiby Jose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.