മാനന്തവാടി: കർണാടകത്തിെല വിവിധ ഭാഗങ്ങളിൽ ഇഞ്ചിപ്പാടങ്ങളിലും വാഴത്തോട്ടങ്ങളിലും ജോലിക്ക് പോയി കുടുങ്ങിക്കിടക്കുന്ന ആദിവാസി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ആദിവാസി തൊഴിലാളികളാണ് ഒരുമാസമായി കർണാടകത്തിൽ കുടുങ്ങിക്കിടക്കുന്നത്.
മൈസൂരിന് അടുത്ത് മാണ്ഡ്യയിൽ ഇഞ്ചിപ്പാടത്ത് കഴിഞ്ഞ മാർച്ചിൽ ജോലിക്കുപോയ തൊഴിലാളികൾ നാട്ടിലെത്തുന്നതിന് പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാസ് ലഭ്യമാക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നടപടിക്രമങ്ങൾ സങ്കീർണമായതിനാൽ പലർക്കും അപേക്ഷ നിരസിക്കപ്പെടുകയാണ് ചെയ്തത്.
മാനന്തവാടി, തിരുനെല്ലി സ്വദേശികളായ പണിയ വിഭാഗത്തിലെ 23 തൊഴിലാളികൾ കർണാടകത്തിലെ പാസ് ഉപയോഗിച്ച് എത്തിയെങ്കിലും അധികൃതർ ഇവരെ അവിടെനിന്ന് മടക്കിയയച്ചു. മതിയായ താമസ സൗകര്യം ഇല്ലാതെയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും കർണാടകത്തിൽ ഇവർ ദുരിതമനുഭവിക്കുകയാണ്.
ജോലി കഴിഞ്ഞ് ഒരുമാസമായിട്ടും ഇവർക്ക് സ്വദേശത്തേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. സർക്കാർ ചിലവിൽ ഇവരെ കർണാടകത്തിൽ നിന്നും കൊണ്ടുവരുന്നതിന് ജില്ല ഭരണകൂടവും പട്ടികവർഗ വികസനവകുപ്പും നടപടി സ്വീകരിക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.